മലപ്പുറം: അസാമാന്യ കരവിരുതിൽ ചിരട്ടയിൽ വിസ്മയങ്ങൾ തീർക്കുകയാണ് 74 കാരനായ സേതുമാധവനും 68കാരി കാർത്യായനിയും. മക്കരപ്പറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളിൽ കുടുംബശ്രീയും മങ്കട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വിഷു വിപണന മേളയിലാണ് പ്രതീക്ഷ ഹാൻഡി ക്രാഫ്റ്റ് യൂണിറ്റ് സ്റ്റാൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിരട്ടയിൽ നിർമ്മിക്കുന്ന വ്യത്യസ്ഥങ്ങളായ കരകൗശല വസ്തുക്കളാണ് സ്റ്റാളിലെ ഉൽപ്പന്നങ്ങൾ. മരങ്ങൾ, പക്ഷികൾ, നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി ഉത്പന്നങ്ങളാണ് ചിരട്ടകളിൽ നിന്ന് കടഞ്ഞെടുക്കുന്നത്. ആനക്കയത്തെ സ്വന്തം വീട്ടിലെ ഷെഡ്ഡിലാണ് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത്. 40 വർഷത്തോളമായി ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഇവർ കൃഷിവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും കുടുംബശ്രീയുടെയും വിവിധ മേഖലകളിലും ദേശീയ സരസ് മേളയിലും പങ്കെടുത്തിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി നിരവധി ആവശ്യക്കാർ ഉൽപ്പന്നങ്ങൾക്കുണ്ടെങ്കിലും എല്ലാവർക്കും നിർമ്മിച്ച് നൽകാൻ ഇവർക്ക് സാധിക്കുന്നില്ല. എങ്കിലും നാല് കടകളിലേക്ക് ആവശ്യത്തിന് അനുസരിച്ച് ഇവർ സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. 74-ാം വയസ്സിൽ പണം സമ്പാദിച്ച് കുടുംബം പുലർത്തേണ്ട ആവശ്യമില്ലെങ്കിലും തന്റെ അച്ഛൻ പകർന്ന് നൽകിയ കരകൗശല വിദ്യകൾ ഉപേക്ഷിക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇന്നും ചിരട്ടയിൽ വിസ്മയങ്ങൾ തീർക്കുകയാണ് സേതു മാധവനും കാർത്യായനിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |