നിലമ്പൂർ: പൂക്കോട്ടുംപാടം പുലത്ത് പുലിക്കോട്ടിൽ റഫീഖ് എന്ന യുവകർഷകൻ നിലമ്പൂരിൽ തണ്ണിമത്തൻ കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ്. അഞ്ചര ഹെക്ടർ സ്ഥലത്തിൽ രണ്ട് ഹെക്ടർ സ്ഥലത്താണ് തണ്ണിമത്തൻ കൃഷി. ഓൺലൈനിൽ കൃഷി രീതി മനസിലാക്കിയാണ് റഫീഖ് കൃഷി ആരംഭിക്കുന്നത്. തണ്ണി മത്തൻ വിത്ത് ഓൺലൈനിൽ വരുത്തി. തണ്ണിമത്തൻ കൃഷി ഇതുവരെ ചെയ്തിട്ടില്ലാത്തതുകൊണ്ട് വിജയിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പോലെ യഥേഷ്ടം കായ്ഫലം ഉണ്ടാകുന്നതിന് തടസ്സമായിട്ടുള്ള കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ വിളവെടുപ്പിന് ഭീഷണിയാണ്. എന്നാൽ ആദ്യ വിളവെടുപ്പിൽ തന്നെ 500 ൽ അധികം കിലോ തണ്ണിമത്തൻ വിൽക്കുവാൻ സാധിച്ചു. ഇനിയും 300 ലേറെ കിലോ പറിക്കാനാവുമെന്നും റഫീഖ് പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു പരീക്ഷണ കൃഷി വിജയമായതിൽ സന്തോഷിക്കുന്നതായും റഫീഖ് പറയുന്നു. അറുപതിനായിരം രൂപ മുടക്കിയാണ് കൃഷി തുടങ്ങിയത്. വെള്ളം കിട്ടാവുന്ന സ്ഥലമാണ് ഇതിന് വേണ്ടത്. ഇതിനുവേണ്ടി വയറിങ് , പ്ലംബിംഗ് സാധനങ്ങൾ ആവശ്യമായിട്ട് വരുന്നു. ഇതെല്ലാം കൂടി ആണ് ഇത്രയും രൂപ വന്നത്.
സ്വന്തം പിതാവിന്റെ കൂടെ ആദ്യ നാളുകളിൽ കാർഷിക പണികൾ ചെയ്തു തുടങ്ങി. പിന്നീട് പിതാവ് ഗൾഫ് നാടുകളിലേക്ക് ചേക്കേറിയതോടെ എല്ലാ കൃഷികളും സ്വയം ചെയ്യാൻ തുടങ്ങി. 2023 ൽ അമരമ്പലം ഗ്രാമപഞ്ചായത്തിലെമികച്ച യുവ കർഷകനുള്ള അവാർഡും റഫീഖിനെ തേടിയെത്തി.സ്വകാര്യ വ്യക്തിയിൽ നിന്നും അഞ്ചര ഹെക്ടർ ഭൂമി ഒരു വർഷത്തിന് രണ്ടര ലക്ഷം രൂപയ്ക്കാണ് പാട്ടത്തിന് കൃഷി ചെയ്യുന്നത്. തണ്ണിമത്തൻ കൃഷി അല്ലാതെ കപ്പ, ചേമ്പ്, ചേന, വാഴ, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിയും ചെയ്യുന്നു. പശു, കാള ,പോത്ത്,മീൻ, വളർത്തൽ തുടങ്ങിയവയെല്ലാം കൃഷി ചെയ്തു പോരുന്നു. വലിയ തുക ഇറക്കി കൃഷി ചെയ്യുമ്പോൾ താൻ ലാഭത്തെക്കുറിച്ച് ഒന്നും ഓർക്കാറില്ല. കൃഷി എന്നും തന്റെ ഹരമാണെന്നും വലിയ ലാഭമില്ലെങ്കിലും മനസ്സിൽ സന്തോഷമാണെന്നും അദ്ദേഹം പറയുന്നു. കാർഷികരംഗത്ത് യുവാക്കൾക്ക് മാതൃകയായ റഫീഖിനു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അടക്കമുള്ളവരുടെ പിന്തുണയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |