മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ചൊല്ലി വിവാദങ്ങൾ ഒരുവശത്ത് കൊഴുക്കുമ്പോൾ വോട്ടർമാരുടെ മനസിൽ ഇടംപിടിക്കാനുള്ള തന്ത്രങ്ങളൊരുക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ 2,26,008 വോട്ടർമാരാണ് ഉണ്ടായിരുന്നത്. നിലവിൽ 10,000ത്തോളം പുതിയ വോട്ടുകൾ മണ്ഡലത്തിൽ ചേർത്തിട്ടുണ്ട്. ഇതിൽ ഏഴായിരത്തോളം വോട്ടുകളും തങ്ങളുടേത് ആണെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ അവകാശവാദം. കുറഞ്ഞ വോട്ടുകൾ പോലും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന സാഹചര്യത്തിൽ യുവജനങ്ങളെയടക്കം സ്വാധീനിക്കുന്ന ചർച്ചകൾക്ക് അണിയറയിൽ രൂപമേകുന്നുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ ഇടതുപക്ഷം രാഷ്ട്രീയ സമരമായാണ് കാണുന്നതെന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പറഞ്ഞു. നിലമ്പൂരിന്റെ വികസന പ്രശ്നങ്ങൾ, എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം, കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന അനീതി, മറ്റ് പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്നും എം. സ്വരാജ് പറഞ്ഞു. നിലമ്പൂർ ബൈപ്പാസിന് തുക അനുവദിച്ചത് ഉൾപ്പെടെ പ്രചാരണ തന്ത്രമാക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.
നിലമ്പൂരിനോടുള്ള സർക്കാരിന്റെ അവഗണനയും ഇടതു സർക്കാരിന്റെ ജന വിരുദ്ധ നിലപാടുകളും സമീപകാല വിവാദങ്ങളുമാണ് യു.ഡി.എഫിന്റെ പ്രചാരണായുധങ്ങൾ. പി.വി.അൻവറിന്റെ പിന്തുണയിലും യു.ഡി.എഫ് പ്രതീക്ഷയിലാണ്. സി.പി.എമ്മുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞ് എം.എൽ.എ സ്ഥാനം രാജിവച്ച പി.വി. അൻവറിന് ഉപതിരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്.
ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവർ 2021ൽ 2,700 വോട്ടുകൾക്കാണ് നിലമ്പൂരിൽ വിജയിച്ചത്. 2016ൽ 11,504 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2011ൽ ആര്യാടൻ മുഹമ്മദിന് 5,598 വോട്ടിന്റെ ഭൂരിപക്ഷവുമാണ് ലഭിച്ചത്. പരമ്പരാഗതമായി യു.ഡി.എഫിന്റെ മണ്ണാണെങ്കിലും ശക്തമായ മത്സരം അരങ്ങേറിയാൽ നിലമ്പൂരിന്റെ മനസ്സ് പ്രവചനാതീതമാണ്. ഇതാണ് രാഷ്ട്രീയ പാർട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്.
35,000 വോട്ടിന് ജയിക്കും
നിലമ്പൂരിൽ യു.ഡി.എഫ് 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടം പറഞ്ഞു. 260 ഓളം ബൂത്തുകളിൽ നിന്ന് ശേഖരിച്ച കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. 65,000 വോട്ടിന്റെ ലീഡാണ് പ്രിയങ്കയ്ക്ക് നിലമ്പൂർ നൽകിയത്. സ്ഥാനാർത്ഥിയല്ല പ്രശ്നം, സർക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ഇസ്മായിൽ മൂത്തേടം പറഞ്ഞു.
മികച്ച സ്ഥാനാർത്ഥി വരും
കൂടുതൽ ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാൻ കഴിയുന്നതും എല്ലാവർക്കും സ്വീകാര്യനുമായ സ്ഥാനാർത്ഥി നിലമ്പൂരിൽ ഇടതുപക്ഷത്തിന് വരുമെന്ന് എം. സ്വരാജ് പറഞ്ഞു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ സ്വതന്ത്ര സ്ഥാനാർത്ഥികളാക്കാറുണ്ട്. ഇ.എം.എസ് സർക്കാരിൽ തന്നെ സ്വതന്ത്രരായ മന്ത്രിമാരടക്കം ഉണ്ടായിരുന്നു. ഇവരിൽ പലരും കേരളത്തിന് വലിയ സംഭാവനകൾ നൽകിയവരാണ്. ചിലർ വഞ്ചനാപരമായ നിലപാടെടുത്തത് കൊണ്ട് മാത്രം ഇതിനെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും സ്വരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |