കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാന സർവിസുകൾ മെയ് 10നു കരിപ്പൂരിൽനിന്ന് പുറപ്പെടും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 തീർത്ഥാടകരാണ് ആദ്യ സർവീസിൽ ഹജ്ജിന് യാത്രയാവുക. പുലർച്ചെ 1.10 നാണ് ആദ്യ സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന് അന്ന് തന്നെ 4.30ന് രണ്ടാമത്തെ വിമാനം പുറപ്പെടും.
ശനിയാഴ്ച പുറത്തിറക്കിയ വിമാന സർവ്വീസുകളുടെ ഷെഡ്യൂൾ പ്രകാരം കണ്ണൂർ വഴിയുള്ള
ആദ്യവിമാനം മെയ് 11ന് പുലർച്ച നാലിനും രണ്ടാമത്തെ വിമാനം രാവിലെ 7.30നും പുറപ്പെടും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടനം നടത്തുന്നവരുടെ ആദ്യസർവീസ് മേയ് 16ന് വൈകിട്ട് 5.55 നാണ് പുറപ്പെടുക. രണ്ടാമത്തെ വിമാനം രാത്രി 8.20 നും പുറപ്പെടും. മൂന്ന് എമ്പാർക്കേഷൻപോയിന്റിൽ നിന്നുമായി 81 സർവ്വീസുകളാണ് ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ സൗദി എയർലൈൻസുമാണ് സർവ്വീസ് നടത്തുന്നത്. കരിപ്പൂരിൽ നിന്ന് 31 ഉം കണ്ണൂരിൽ 29, കൊച്ചിയിൽ നിന്ന് 21 സർവിസുകളുമാണ് തീർഥാടകരെ കൊണ്ടുപോകുന്നതിനായി വിമാന കമ്പനികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കരിപ്പൂരിൽ ഹജ്ജ് ക്യാംപ് മെയ് ഒമ്പതിന് ആരംഭിക്കും. കണ്ണൂരിൽ മെയ് 10നും കൊച്ചിയിൽ മെയ് 15നും ഹജ്ജ് ക്യാംപുകൾ ആരംഭിക്കും. മെയ് ആദ്യവാരമാണ് തീർത്ഥാടകരുടെ പാസ്‌പോർട്ട് മറ്റ് അനുബന്ധരേഖകൾ എന്നിവ ക്യാമ്പുകളിൽ എത്തുന്നത്. ഇതോടെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. വിവിധ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തുന്ന ഉദ്യോഗസ്ഥരാണ് അതതു ദിവസങ്ങളിൽ പുറപ്പെടുന്ന തീർത്ഥാടകരുടെ യാത്രാരേഖകൾ ക്രമീകരിക്കുക.വിമാന കമ്പനികൾ നൽകിയ ഷെഡ്യൂൾ പ്രകാരം ഹജ്ജ് സർവിസുകളും ക്യാംപും നല്ല രീതിയിൽ നടത്തുന്നതിന് തയാറെടുപ്പുകൾ പൂർത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. തീർഥാടരുടെ കുത്തിവയ്പ്പ്, തുള്ളിമരുന്ന് വിതരണം എന്നിവ ഈ ആഴ്ചയോടെ ആരംഭിക്കും. യാത്രയുടെ 10 ദിവസം മുമ്പുമാണ് തുള്ളിമരുന്ന്,കുത്തിവയ്പ്പു നടപടികൾ പൂർത്തിയാക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |