മലപ്പുറം: അപകടത്തിൽ ജീവൻ പൊലിഞ്ഞ സഹപ്രവർത്തകന് വേണ്ടി നിരത്തിലോടി ജില്ലയിലെ 50 സ്വകാര്യ ബസുകൾ സ്വരൂപിച്ചത് 14.25 ലക്ഷം രൂപ. ഒരു ദിവസം യാത്രക്കാരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവുമാണിത്. മഞ്ചേരി-കാളികാവ്, പൂക്കോട്ടുംപാടം-നിലമ്പൂർ റൂട്ടിലോടുന്ന ടി.പി.എം എന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന മമ്പാട്ടുമൂല കല്ലംകോടൻ ഷഫീഖിന്റെ (37) കുടുംബത്തിന് തുക നൽകും. ഒരുമാസം മുമ്പാണ്
ലോറിയിടിച്ച് ഷഫീഖ് മരണപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷഫീഖ് മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാര്യ സമീറ (36), മക്കളായ മുഹമ്മദ് സഹാൽ (12), ഷസിൻ (7) എന്നിവർ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഇത് മനസ്സിലാക്കിയ ടി.പി.എം ബസ് ഓണർ തടിയൻപുറത്ത് മുസ്തഫയാണ് ഒരുദിവസം ഷഫീഖിന്റെ കുടുംബത്തിനായി നിരത്തിലിറങ്ങാൻ തീരുമാനിച്ചത്. ജീവനക്കാരോട് അഭിപ്രായം ചോദിച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി. മറ്റ് ബസ് ജീവനക്കാരേയും ഇക്കാര്യം അറിയിച്ചു. നാട്ടിലെ നാല് ക്ലബുകളും പിന്തുണയുമായി രംഗത്തെത്തി. തുടർന്ന്, 50 ബസുകളും നാല് ക്ലബുകളും ഷഫീഖിനായി നിരത്തിലോടി. ഇതിൽ 11 ബസുകൾ ഷഫീഖിന്റെതാണ്.
ലഭിച്ച തുകയിൽ നിന്നും ഷഫീഖിന്റെ കുടുംബത്തിന്റെ ബാങ്കിലെ ലോൺ തീർപ്പാക്കി ബാക്കി തുക അദ്ദേഹത്തിന്റെ മക്കളുടെ പേരിൽ നിക്ഷേപിക്കുമെന്നും ഈ വലിയ ഉദ്ധ്യമത്തിൽ പങ്കാളിയാവാൻ സാധിച്ചത് പുണ്യമാണെന്നും മുസ്തഫ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |