കാളികാവ്: തോട് നികത്തിയുള്ള റോഡുപണി മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടിനിടയാക്കുമെന്ന് ആശങ്ക. കാളികാവ് മങ്കുണ്ടിലാണ് സംഭവം. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മങ്കുണ്ടിലെ തോട് അടഞ്ഞു. 25 മീറ്ററിനുള്ളിൽ നിർമ്മിച്ച രണ്ടു ഓവുപാലങ്ങളുടെ നിർമ്മാണം അശാസ്ത്രീയം. തൊട്ടടുത്ത പുഴയും റോഡുമായുള്ള അകലം വെറും അമ്പത് മീറ്ററിൽ താഴെയാണ്. പുതുതായി നിർമ്മിച്ച രണ്ടു ഓവുപാലങ്ങളുടെയും കിടപ്പ് പുഴയെക്കാൾ താഴ്ന്ന്.
മേലേകാളികാവ് മലവാരങ്ങളിൽ നിന്നുള്ള മഴവെള്ളം മുഴുവനും പുഴയിൽ ചേരുന്നത് മങ്കുണ്ടിലാണ്. ഈ വെള്ളം ഒഴുകി പുഴയിലെത്താൻ വേണ്ടി നിർമ്മിച്ച തോട് മണ്ണും മാലിന്യങ്ങളും വന്നടിഞ്ഞ് നികന്നിട്ടുണ്ട്.റോഡ് പണിയുടെ ഭാഗമായുള്ള മണ്ണും മറ്റും വന്നടിഞ്ഞതും തോടിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.പുഴയെക്കാൾ താഴ്ത്തി ഓവുപാലം നിർമ്മിച്ചതിലൂടെ പുഴയിലെത്തുന്ന വെള്ളം തോടിലൂടെ തിരിഞ്ഞ് റോഡിലേക്കൊഴുകും.
യാതൊരു മുൻകരുതലുമില്ലാതെയാണ് കാളികാവിലെ മങ്കുണ്ടിൽ ഹൈവെ നിർമ്മാണം നടന്നിട്ടുള്ളത്.എല്ലാവർഷക്കാലങ്ങളിലും രണ്ടോ മൂന്നോ തവണ മങ്കുണ്ടിൽ റോഡിൽ ആറടി പൊക്കത്തിൽ വെള്ളം പൊങ്ങി ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെടാറുണ്ട്. പുതിയ മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി റോഡ് ഉയർത്തുന്നതാവട്ടെ 80 സെന്റിമീറ്റർ മാത്രമാണ്.
തുടർച്ചയായി രണ്ടു മണിക്കൂർ മഴപെയ്താൽ മങ്കുണ്ട് എസ്റ്റേറ്റ് ഗേറ്റ് മുതൽ ജംഗ്ഷനിലെ പോസ്റ്റ് ഓഫീസ് വരെ റോഡിൽ വെള്ളം പൊങ്ങാറുണ്ട്. നികത്തിയ തോട് പുഴ വരെ മണ്ണ് ശുചീകരിച്ചാൽ ഒരു പരിധി വരെ വെള്ളക്കെട്ട് ഒഴിവാക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |