മലപ്പുറം: ജില്ലയിൽ ചാലിയാർ, ഭാരതപ്പുഴ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിൽ നിന്ന് മണലെടുക്കുന്നതിന് അനുമതി വൈകും. മണൽ വാരുന്നതിന് ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. മണലെടുക്കുന്നതിന് ലാന്റ് റവന്യു കമീഷണർ ഇറക്കിയ പുതുക്കിയ മാനദണ്ഡ പ്രകാരം പുഴകളിലെ കടവുകളുടെ അതിർത്തി നിർണയ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമാകൂ.
ജില്ലയിലെ പുഴകളിൽ നിന്ന് മണൽ എടുക്കുന്നതിന് കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജി ഏജൻസി മുഖാന്തരം സർവേ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ സർവേ റിപ്പോർട്ട് പ്രകാരം മണൽ ഖനനം ചെയ്യുന്നതിലേക്കായി കടവുകളുടെ അതിർത്തി നിർണയത്തിനുള്ള നടപടകൾ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതുക്കിയ മാനദണ്ഡം ലാന്റ് റവന്യൂ കമ്മീഷണർ പുറപ്പെടുവിച്ചത്. ഇതോടെ പുതിയ മാനദണ്ഡ പ്രകാരം ആർ.ഡി.ഒ നോഡൽ ഓഫീസറായി പുതിയ സംഘം നടപടി ആരംഭിച്ചു.
ലക്ഷ്യം കണ്ടില്ല
2018, 2019 വർഷങ്ങളിലെ പ്രളയങ്ങളിൽ ചാലിയാർ പുഴ അതിന്റെ കൈവരികളിൽ നിന്നുമായി 3.06 ലക്ഷം ക്യുബിക് മീറ്റർ പ്രളയാവശിഷ്ടം നീക്കം ചെയ്തിട്ടുണ്ട് ഇതിൽ 2.55 ക്യുബിക് മീറ്റർ നദീതീരം ബലപ്പെടുത്തുന്നതിനും ബാക്കി വരുന്ന 51,389 ക്യുബിക് മീറ്റർ ലേലം ചെയ്യുന്നതിനുമായി 12 യാർഡുകളിലേക്കും മാറ്റി. മെറ്റൽ സ്‌ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് വഴിയും ഐ.ഐ.സി വഴിയും ലേലം ചെയ്‌തെങ്കിലും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയിൽ നിന്നും മണൽ വാരിയത്. ഇതിന് ശേഷം സാൻഡ് ഓഡിറ്റ് നടത്തിയെങ്കിലും ചില കടവുകളിൽ നിന്നും മണൽ വാരുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകൾ നിലനിന്നിരുന്നു. 2016ൽ സാൻഡ് ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചെങ്കിലും സാങ്കേരിത തടസ്സം മൂലം മണൽ വാരൽ നടന്നില്ല. ഈ റിപ്പോർട്ടിന്റെ മൂന്ന് വർഷ കാലാവധി അവസാനിച്ചതോടെയാണ് 2019ൽ വീണ്ടും ഓഡിറ്റ് നടത്താൻ സർക്കാർ ഉത്തരവിട്ടത്. പിന്നീട് നടപടികൾ നീണ്ടുപോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |