മലപ്പുറം: തെരുവുനായകളുടെ പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ ജില്ലയിൽ പൂർത്തിയായിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 18,350 തെരുവുനായകളുണ്ട്. ഇതുവരെ ആകെ 12,681 നായകൾക്കാണ് വാക്സിനേഷൻ നൽകിയത്. ഇതിൽ നല്ലൊരു പങ്കും വീട്ടിൽ വളർത്തുന്ന നായകളാണ്. 2022 സെപ്തംബറിലാണ് തെരുവുനായകൾക്കുള്ള പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ യജ്ഞം തുടങ്ങിയത്. ആദ്യഘട്ടത്തിൽ നാമമാത്രമായ തെരുനുനായകൾക്കാണ് വാക്സിനേഷൻ നൽകാനായത്. 2023 നവംബറിൽ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ആകെ നാലായിരത്തോളം നായകൾക്കാണ് വാക്സിനേഷൻ നൽകിയത്. തെരുവ് നായകളുടെ ആക്രമണം ജില്ലയിൽ വർദ്ധിച്ചതോടെ പ്രതിഷേധത്തിന് പിന്നാലെ വീണ്ടും വാക്സിനേഷൻ യജ്ഞം തുടങ്ങിയെങ്കിലും ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
കഴിഞ്ഞ ദിവസം മലപ്പുറം മുണ്ടുപറമ്പിൽ വഴിയാത്രക്കാരായ പത്തോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഈ നായയെ പിന്നീട് മച്ചിങ്ങൽ ദേശീയപാതയിൽ ചത്ത നിലയിൽ കണ്ടെത്തി. കടിയേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 20ന് കളക്ടറേറ്റിൽ ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റിരുന്നു. ഏപ്രിൽ 29ന് പെരുവള്ളൂർ സ്വദേശിനിയായ അഞ്ചര വയസുകാരി തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ മരണപ്പെട്ടിട്ടുണ്ട്. മാർച്ച് 29നാണ് കുട്ടിക്ക് തലയ്ക്കും കാലിനും തെരുവുനായയുടെ കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ഐ.ഡി.ആർ.ബി വാക്സിൻ എടുത്തെങ്കിലും ആഴ്ചകൾക്ക് ശേഷം പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിന് മുകളിലേറ്റ ഗുരുതരവും ആഴത്തിൽ ഉള്ളതുമായ പരിക്കാണ് വാക്സിൻ ഫലപ്രദമാവാതിരിക്കാൻ കാരണം. പലപ്പോഴും മുഖത്തും മറ്റുമാണ് കുട്ടികൾക്ക് പരിക്കേൽക്കുന്നത് എന്നത് ആശങ്ക കൂട്ടുന്നുണ്ട്.
തെരുവുനായകളുടെ ആക്രമണം കുറയാൻ വന്ധ്യംകരണം മാത്രമാണ് പ്രതിവിധിയെന്ന് സർക്കാർ തന്നെ പറയുമ്പോഴും ജില്ലയിൽ ഇതുവരെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കൈവശം എ.ബി.സി കേന്ദ്രം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലമില്ലാത്തത് ആണ് പ്രതിസന്ധി. റവന്യൂ വകുപ്പിന്റെ കീഴിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ അനുയോജ്യമായ സ്ഥലമുണ്ടെങ്കിലും വിട്ടുനൽകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |