മലപ്പുറം: വലിയ വോട്ട് വിഹിതം ഇല്ലെങ്കിലും നിലമ്പൂരിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ബി.ജെ.പിയുടെയും പ്രാദേശിക പാർട്ടികളുടെയും നിലപാട് നിർണ്ണായകമാവും. മുൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ വോട്ട് വിഹിതം എൻ.ഡി.എ നേടിയിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. ടി.കെ. അശോക് കുമാർ 4.96 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. 8,440 വോട്ട് ബി.ജെ.പിയുടെ പെട്ടിയിൽ വീണു. 2016 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം കുറഞ്ഞെങ്കിലും മികച്ച സ്ഥാനാർത്ഥിയിലൂടെ മത്സരം കടുപ്പിക്കാനാവും. 2016ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിന്റെ ഗിരീഷ് മേക്കാട്ട് മത്സരിച്ചപ്പോൾ 12,284 വോട്ട് നേടിയിരുന്നു. 7.56 ശതമാനം വോട്ടാണ് ഇത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് ബി.ജെ.പി. മത്സരിക്കണമോ എന്നത് എൻ.ഡി.എ യോഗം ചേർന്ന് തീരുമാനിക്കും. നിലമ്പൂരിലെ മത്സരത്തിന് പകരം തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന വാദം പാർട്ടിക്കുള്ളിലുണ്ട്.
എസ്.ഡി.പി.ഐയ്ക്ക് രണ്ട് മുതൽ മൂന്ന് ശതമാനം വോട്ടുണ്ട്. 2021ൽ കെ. ബാബു മണിയിലൂടെ 3,249 വോട്ട് നേടി. 2016ൽ 4751 വോട്ടുമായി പോൾ ചെയ്തതിന്റെ 2.92 ശതമാനം കരസ്ഥമാക്കി. ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മത്സരിച്ചേക്കില്ല എന്നാണ് വിവരം. പകരം ആർക്ക് പിന്തുണ നൽകുമെന്നത് വ്യക്തമാക്കിയിട്ടില്ല. വെൽഫെയർ പാർട്ടിക്കും സമാനമായ വോട്ട് വിഹിതം മണ്ഡലത്തിലുണ്ട് എന്നാണ് അവകാശവാദം. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് വെൽഫെയർ പാർട്ടി നേതൃത്വം അറിയിച്ചിട്ടുള്ളത്. അതേസമയം, ഏതെങ്കിലും മുന്നണി പിന്തുണ ആവശ്യപ്പെട്ടാൽ അക്കാര്യം ചർച്ച ചെയ്തു തീരുമാനിക്കാനാണ് തീരുമാനം. സി.പി.എമ്മിനോട് ഇപ്പോൾ അകലം പാലിക്കുന്ന വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണയേകാനാണ് സാദ്ധ്യത കൂടുതൽ.
2021ലെ തിരഞ്ഞെടുപ്പിൽ 2,700 വോട്ടുകൾക്കാണ് ഇടതുസ്വതന്ത്രനായ പി.വി. അൻവർ വിജയിച്ചത്. കോൺഗ്രസിനായി അന്നത്തെ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് ആണ് മത്സരിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷകളെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ തകിടംമറിച്ചു. മൂന്ന് പതിറ്റാണ്ടോളം തുടർച്ചയായി ആര്യാടൻ മുഹമ്മദ് വിജയിച്ച കോൺഗ്രസ് കോട്ടയിൽ രണ്ടാംടേമിലും അൻവറിന് വിജയം സമ്മാനിച്ചു. അതേസമയം 11,504 വോട്ടിന്റെ ഭൂരിപക്ഷമാണ് 2,700 വോട്ടായി ഇടിഞ്ഞത്. യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്ത് ആണ് മത്സരിക്കുന്നത്. എൽ.ഡി.എഫിനായി ശക്തനായ സ്ഥാനാർത്ഥി രംഗത്തുവരുന്നതോടെ മത്സരം കടുക്കുമെന്ന് ഉറപ്പ്.
2021 നിയമസഭ തിരഞ്ഞെടുപ്പ്
പി.വി.അൻവർ (ഇടത് സ്വതന്ത്രൻ) - 81,227
വി.വി. പ്രകാശ് (കോൺഗ്രസ് ) - 78,527
ടി.കെ. അശോക് കുമാർ (എൻ.ഡി.എ) - 8,595
അൻവർ വിജയിച്ചത് - 2,700 വോട്ടിന്
മുന്നണി - ലഭിച്ച വോട്ടുകൾ
2011
യു.ഡി.എഫ് - 66,311
എൽ.ഡി.എഫ് - 60,733
എൻ.ഡി.എ -4,425
2016
യു.ഡി.എഫ് -66,354
എൽ.ഡി.എഫ് - 77,858
എൻ.ഡി.എ - 12,284
2021
യു.ഡി.എഫ് -78,527
എൽ.ഡി.എഫ് - 81,227
എൻ.ഡി.എ - 8,595
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |