SignIn
Kerala Kaumudi Online
Friday, 03 April 2026 1.40 PM IST

മലപ്പുറം യു.ഡി.എഫ് തൂക്കി

Increase Font Size Decrease Font Size Print Page

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യു.ഡി.എഫ് കൊടുങ്കാറ്റിൽ അടിപതറി എൽ.ഡി.എഫ്. 94 പഞ്ചായത്തുകളിൽ 89 ഇടത്തും യു.ഡി.എഫ് വിജയിച്ചു. നാലിടത്ത് ഒതുങ്ങി എൽ.ഡി.എഫ്. പൊന്മുണ്ടത്ത് ജനകീയ മുന്നണി അട്ടിമറി വിജയം നേടി. എൻ.ഡി.എയ്ക്ക് ഒരിടത്തും ഭരണം ലഭിച്ചിട്ടില്ലെങ്കിലും ചിലയിടങ്ങളിലും മുന്നേറ്റമുണ്ടാക്കാനായി. പി.വി.അൻവറിന്റെ തൃണമൂൽ കോൺഗ്രസിസ് മലയോര മേഖലകളിൽ ചലനങ്ങൾ ഉണ്ടാക്കാനായില്ല. ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിൽ 33 ഇടത്തും യു.ഡി.എഫ് വിജയിച്ചു. മാറഞ്ചേരിയിലാണ് ചെങ്കൊടി പാറിയത്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനാലിടത്തും യു.ഡി.എഫ് വിജയിച്ചിട്ടുണ്ട്. പൊന്നാനി എൽ.‌ഡ‌ി.എഫ് നിലനിറുത്തി. 12 മുനിസിപ്പാലിറ്റികളിൽ പൊന്നാനിയിൽ മാത്രമാണ് എൽ.‌ഡി.എഫിന്റെ വിജയം.

നേട്ടവും തിരിച്ചടിയും

2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 70 പഞ്ചായത്തുകളിലും എൽ.ഡി.എഫ് 24 ഇടത്തും വിജയിച്ചിരുന്നു. 20 പഞ്ചായത്തുകളെങ്കിലും ഭരണം നേടാനാവുമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടൽ അപ്പാടെ പാളി. ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ പോലും പലയിടങ്ങളിലും കഴിഞ്ഞില്ല. വിജയിച്ച ഏലംകുളം (എൽ.ഡി.എഫ് -8, യു.ഡി.എഫ് - 7, മറ്റുള്ളവർ -3), നിറമരുതൂർ (എൽ.ഡി.എഫ് - 11, യു.ഡി.എഫ് - 8), വാഴയൂർ (എൽ.ഡി.എഫ് 10, യു.ഡി.എഫ് -6, മറ്റുള്ളവർ 4), വെളിയങ്കോട് (എൽ.ഡി.എഫ് -11, യു.ഡി.എഫ് - 9) എന്നിവിടങ്ങളിലും കടുത്ത മത്സരം നേരിട്ടു.

85 പഞ്ചായത്തുകളെന്ന ലക്ഷ്യവും കടന്നുള്ള വിജയം യു.ഡി.എഫ് ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. മലയോര മേഖല ഒന്നാകെ തൂത്തുവാരി. ഇടതുപക്ഷത്ത് പി.വി. അൻവറിന്റെ സാന്നിദ്ധ്യവും കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലെ ഭിന്നതയും മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയേറ്റിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയമേകിയ ഊർജ്ജത്തോടെയാണ് ഇത്തവണ യു.ഡി.എഫ് ഇവിടെ മത്സരരംഗത്തിറങ്ങിയത്. പൊന്മുണ്ടത്ത് കോൺഗ്രസിലെ ഒരുവിഭാഗവും സി.പി.എമ്മും കൈകോർത്തുള്ള ജനകീയ മുന്നണി വിജയിച്ചത് മുസ്‌ലിം ലീഗിന് തിരിച്ചടിയായി. ജനകീയ മുന്നണി 14 ഇടത്തും യു.ഡി.എഫ് നാലിടത്തുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ലീഗ് 11 ഇടത്തും കോൺഗ്രസ് മൂന്ന് വാർഡ‌ുകളിലും വിജയിച്ചിരുന്നു. കഴിഞ്ഞ തവണയും ജനകീയ മുന്നണി പരീക്ഷണം നടന്നെങ്കിലും രണ്ട് വാർഡുകളിലേ വിജയിക്കാനായുള്ളൂ. 25 വർഷമായി മുസ്‌‌ലിം ലീഗ് ഭരണം കൈയാളുന്ന പഞ്ചായത്താണിത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1,​440 വാർഡുകൾ യു.ഡി.എഫിന് ലഭിച്ചപ്പോൾ 656 വാർഡുകളിലാണ് എൽ.ഡി.എഫിന്റെ വിജയം.

15 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ഇടത്തും യു.ഡി.എഫിനാണ് വിജയം. കഴിഞ്ഞ തവണ പെരുമ്പടപ്പ്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. അരീക്കോട്, കാളികാവ്, കുറ്റിപ്പുറം, മലപ്പുറം, നിലമ്പൂർ, വേങ്ങര ബ്ലോക്കുകളിൽ ഒരുഡിവിഷനിൽ പോലും എൽ.ഡി.എഫിന് വിജയിക്കാനായില്ല. കാളികാവിലും നിലമ്പൂരിലും കഴിഞ്ഞ തവണ അഞ്ച് ഡിവിഷനുകളിലും കുറ്റിപ്പുറത്ത് രണ്ട് ഡിവിഷനിലും വിജയിച്ച സ്ഥാനത്താണിത്. ഇത്തവണ യു.ഡി.എഫ് ആകെ 210 ഡിവിഷനുകളിലും എൽ.ഡി.എഫ് 18 ഡിവിഷനിലും വിജയിച്ചിട്ടുണ്ട്. മറ്റുള്ളവർ എട്ടിടങ്ങളിലും.

വലത്തോട്ട് വീണ് നഗരസഭ
നഗരസഭകളിലും യു.ഡി.എഫ് തരംഗമാണ്. ആകെ 12 നഗരസഭകളിൽ 11 ഇടത്തും വിജയിച്ചു. കഴിഞ്ഞ തവണ പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ നഗരസഭകൾ എൽ.ഡി.എഫിന്റെ കൈവശമായിരുന്നെങ്കിൽ ഇപ്രാവശ്യം പൊന്നാനി ഒഴികെ രണ്ടും യു.ഡി.എഫ് പിടിച്ചെടുത്തു. ശക്തമായ മത്സരം നടന്ന പെരിന്തൽമണ്ണയിൽ 30 വർഷത്തിന് ശേഷമാണ് യു.ഡി.എഫ് ഭരണത്തിലെത്തുന്നത്. നിലവിൽ 20 സീറ്റ് നേടിയാണ് പെരിന്തൽമണ്ണയിലെ ഇടത് ഭരണം. ഇതിനെ മറികടന്ന് 21 സീറ്റിന്റെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിരിച്ചുവരവിന് പിന്നാലെ നഗരസഭയും കൈപ്പിടിയിലാക്കി. ഒമ്പതിൽ നിന്ന് 28 സീറ്റാക്കി ഉയർത്തിയാണ് ഈ തിരിച്ചുവരവ്. പൊന്നാനി നഗരസഭയാണ് ജില്ലയിൽ എൽ.ഡി.എഫിന് ആശ്വാസമായി നിലകൊണ്ടത്. ഇവിടെ എൽ.ഡി.എഫിന്റെ സീറ്റ് നില 38ൽ നിന്ന് 32 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും പൊന്നാനി മാനം കാത്തു. 18 സീറ്റാണ് യു.ഡി.എഫിന് നേടാനായത്.

നഗരസഭകളിലെ കക്ഷിനില

ആകെ നഗരസഭകൾ - 12
യു.ഡി.എഫ് - 11
എൽ.ഡി.എഫ് - 1

ആകെ നഗരസഭാ ഡിവിഷനുകൾ 505
യു.ഡി.എഫ് - 333
എൽ.ഡി.എഫ് - 88
എൻ.ഡി.എ - 17
മറ്റുള്ളവർ - 67

നഗരസഭ.......ആകെ വാർഡ്........യു.ഡി.എഫ് ..... എൽ.ഡി.എഫ്......ബി.ജെ.പി........മറ്റുള്ളവർ
(ബ്രാക്കറ്റിൽ 2020ലെ വാർഡുകൾ, സീറ്റ് നില)

കൊണ്ടോട്ടി........41(40).......................34(34)..........................6 (06)....................... 0.................. 1
മഞ്ചേരി.............. 53(50).......................36(30)........................16 (19)....................1(0)........0 (1എസ്.ഡി.പി.ഐ)
പരപ്പനങ്ങാടി..... 46(45).........................33(29).......................10 (13)..................... 3 (3).................0 (0)
താനൂർ..............45(44)..........................32(31)........................4 (6)......................... 8 (7).................1 (0)
മലപ്പുറം..............45(40)..........................38(25)........................7(15).........................0 (0)................. 0 (0)
തിരൂരങ്ങാടി.......40(39)...........................34(34)........................4 (4)..........................0(0)................ 2 (1)
തിരൂർ.................40(38)............................31(21)........................ 8(16).........................1 (1)...............0 (0)
വളാഞ്ചേരി.........34(33).............................27(19).........................7(12)..........................0(1)................0(1)
കോട്ടക്കൽ...........35(32)............................27(21)..........................6(7)...........................2(2).................0 (0)
പെരിന്തൽമണ്ണ.....37(34).............................21(14)........................16(20)........................0(0).................. 0(0)
നിലമ്പൂർ...............36(33).............................28 (9).........................7(23)...........................1(1)................. (00)
പൊന്നാനി............53(51)..............................18(10)....................... 32(38)........................2(3)..........1 എസ്.ഡി.പി.ഐ(0)

എന്തൊരു വിജയം

ജില്ലാ പഞ്ചായത്തിലെ കൂറ്റൻ വിജയം ഇടതുകേന്ദ്രങ്ങളെ മാത്രമല്ല, യു.ഡി.എഫിനെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. 33 ഡിവിഷനുകളിൽ 33 ഇടത്തും വിജയിച്ചു. സി.പി.ഐയുടെ ഷാജിറ മനാഫ് മാറഞ്ചേരി ഡിവിഷനിൽ അവസാന നിമിഷം വരെ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും 323 വോട്ടിന് കോൺഗ്രസിന്റെ സുലൈഖ റസാഖ് വിജയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.ഷബീറിനെ ഒന്നാം വാർഡായ വഴിക്കടവിൽ കോൺഗ്രസിലെ എൻ.എ കരീം 6,841 വോട്ടിന് പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ദീപു രാജഗോപാലിന് 5,441 വോട്ട് ലഭിച്ചു. നിലവിലെ ജില്ലാ പഞ്ചായത്തംഗമായ സി.പി.എമ്മിന്റെ അഡ്വ. ഷെറോണ റോയിയെ ചുങ്കത്തറ ഡിവിഷനിൽ കോൺഗ്രസിന്റെ അഡ്വ. ജോസ്മി തോമസ് 9,152 വോട്ടിന് പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ഡോ. ജെ. ഗീതാകുമാരിക്ക് 4,513 വോട്ട് ലഭിച്ചു.

യുവമുഖങ്ങളായി അവതരിപ്പിച്ച എസ്.എഫ്.ഐയുടെ എം.ജെ. തേജനന്ദ, സി.എം.മുഹമ്മദ് സഫ്വാൻ എന്നിവരും പരാജയം രുചിച്ചു. എടവണ്ണ ഡിവിഷനിൽ നിന്ന് മത്സരിച്ച ലീഗിന്റെ കെ.ടി. അഷ്റഫ്,​ സി.എം.മുഹമ്മദ് സഫ്വാന് എതിരെ 20,250 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പിയുടെ അഖിൽ സായിക്ക് 3,475 വോട്ടാണ് ലഭിച്ചത്. വണ്ടൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ മെമ്പറുമായ ആലിപ്പറ്റ ജമീല മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. സി.പി.എമ്മിന്റെ മിനികലയെ 16,065 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ജിഷ സജിത്തിന് 4,802 വോട്ട് ലഭിച്ചു.

കോൺഗ്രസിന്റെ യുവമുഖം കെ.എസ്.യു ജില്ലാ സെക്രട്ടറി ആരതി പ്രദീപ് മംഗലം ഡിവിഷനിൽ നിന്ന് 11,876 വോട്ടിന് സി.പി.എമ്മിന്റെ സി.എം. ജസീനയെ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ശ്രീജ സുബ്രഹ്മണ്യന് 7,997 വോട്ട് ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുള്ള പി.കെ. അസ്‌ലുവിന് വേങ്ങര ഡിവിഷനിൽ നിന്ന് വൻവിജയമാണ് ഉണ്ടായത്. 33,155 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഉയർന്ന ഭൂരിപക്ഷമാണിത്. മുതിർന്ന നേതാവും ജില്ലാ പഞ്ചായത്തിന്റെ പ്രധാന സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുമുള്ള പി.എ. ജബ്ബാർ ഹാജി കൊണ്ടോട്ടിയിൽ നിന്ന് 12,791 വോട്ടിന് വിജയിച്ചു. ആർ.ജെ.ഡിയുടെ ഫസലുൽ ഹഖ് ചെമ്പനായിരുന്നു പ്രധാന എതിരാളി. ബി.ജെ.പിയുടെ ഷാജു പറമ്പന് 3,118 വോട്ട് ലഭിച്ചു.

മെച്ചപ്പെടുത്തി എൻ.ഡി.എ
തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം റവന്യൂ ജില്ലയിൽ 33 സീറ്റ് നേടി ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 31 സീറ്റിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചത്. മലപ്പുറം വെസ്റ്റ് ജില്ലയിൽ 25ഉം, സെൻട്രൽ ജില്ലയിൽ 5ഉം, ഈസ്റ്റ് ജില്ലയിൽ മൂന്നും സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ ചില സീറ്റുകൾ നഷ്ടമായെങ്കിലും വള്ളിക്കുന്ന്, ചുങ്കത്തറ പഞ്ചായത്തുകളിൽ അക്കൗണ്ട് തുറക്കാനായതും മഞ്ചേരി നഗരസഭയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മേലാക്കം ഡിവിഷൻ തിരിച്ചുപിടിക്കാനായതും നേട്ടമായി. എടയൂർ പഞ്ചായത്തിൽ മൂന്ന് വോട്ടിനും, വാഴയൂർ പഞ്ചായത്തിൽ ഏഴ് വോട്ടിനും സീറ്റുകൾ നഷ്ടമായി.

ജനങ്ങൾ കണക്കുതീർത്തു: മുസ്‌ലിം ലീഗ്
മലപ്പുറം : തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ പ്രവചനവും കണക്കുകൂട്ടലുകളും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങൾ കണക്കുതീർക്കുകയായിരുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽഹമീദ് എം.എൽ.എ പറഞ്ഞു. ജനങ്ങൾ ശരിക്കും അവരുടെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചു. ഈ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു.

ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്ത് വാർഡ് പുനർവിഭജനത്തിൽ കൈകടത്തലുകൾ നടത്തിയിട്ടും വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഭരണപരമായ സ്വാധീനങ്ങൾ ചെലുത്തിയിട്ടും അതിനെയെല്ലാം മറികടന്ന് വിജയം കൈവരിക്കാൻ സഹായിച്ചവരെ പ്രത്യേകം അഭിനന്ദിക്കുകയാണെന്ന് പി.അബ്ദുൽഹമീദ് എം.എൽ.എ പറഞ്ഞു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.