മലപ്പുറം: പാണ്ടിക്കാട്ടെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) ക്യാമ്പിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും അധികൃതരുടെ പിടിവാശിയിൽ ട്രെയിനിംഗ് തുടരുന്നു. 250ഓളം ട്രെയിനികളുള്ള ക്യാമ്പിൽ ഇതിനകം 50 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 60 പേർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം 60 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആറിൽ 15 പേർ പോസിറ്റിവായി. ഒരാഴ്ച മുമ്പാണ് ക്യാമ്പിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന സാദ്ധ്യത മുൻനിറുത്തി ക്യാമ്പിലെ ഡോക്ടർ ഒരാഴ്ചത്തേക്ക് ക്യാമ്പ് അടച്ചിടണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ട്രെയിനിംഗ് തുടരുകയെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. കൊവിഡ് പോസിറ്റീവാകുന്നവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ മൂന്നും ട്രൈബൽ പൊലീസിന്റെ ഒരുബാച്ചുമാണ് ഇവിടെയുള്ളത്. ട്രൈബൽ പൊലീസിൽ വനിതകൾ ഉൾപ്പെടെയുണ്ട്. സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് നടത്തിയ സ്പെഷൽ റിക്രൂട്ട്മെന്റ് പ്രകാരം നിയമനം ലഭിച്ചവരാണിവർ. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ട്രൈബൽ പൊലീസിൽ ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാച്ചിലെ മുഴുവൻ പേർക്കും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |