നിലമ്പൂർ: നിലമ്പൂർ താലൂക്കിലെ വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലായി അഞ്ച് ചെറിയ പാലങ്ങൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നടപടികൾ ആരംഭിച്ചു. പി.വി. അൻവർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കലക്കൻ പുഴയ്ക്കും കാരക്കോടൻ പുഴയ്ക്കും കുറുകെയാണ് പാലങ്ങൾ നിർമ്മിക്കാൻ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വഴിക്കടവ് പഞ്ചായത്തിൽ കാരക്കോട് സ്കൂളിന് സമീപം കാരക്കോട് വെള്ളക്കട്ട പാലം, കലക്കൻ പുഴയ്ക്ക് കുറുകെ നരിവാലമുണ്ട പൂവത്തിക്കടവ് നാരോക്കാവ് രണ്ടാംപടി പാലം, കാരക്കോടൻ പുഴയ്ക്ക് കുറുകെ മണിമൂളി പാലം, കലക്കൻ പുഴയ്ക്ക് കുറുകെ കവളപൊയ്ക പാലം, ശങ്കരംകുളം മൊടപൊയ്ക പാലം എന്നിവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിലെ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. റിപ്പോർട്ട് ലഭ്യമാകുന്നതിന് അനുസൃതമായി അടുത്ത ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തും. നടപടികൾ പൂർത്തിയാക്കിയാൽ എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |