SignIn
Kerala Kaumudi Online
Friday, 26 April 2024 9.30 AM IST

കണ്ണീരിൽ കുതിർന്ന് സന്തോഷം..,​ രാജു ദഹൂലി സ്വന്തം വീടണഞ്ഞു

raju
പത്തു വർഷത്തിനിപ്പുറം രാജു ദഹൂലി നാട്ടിലെത്തിയപ്പോൾ

പൊന്നാനി: പത്തു വർഷത്തിനിപ്പുറം രാജു ദഹൂലി സ്വന്തം വീടണഞ്ഞു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ രാജു ഭായിയെ തിരിച്ചു കിട്ടിയതിൽ ഒറീസയിലെ ഒരു ആദിവാസി ഗ്രാമം തന്നെ സന്തോഷത്തിലാണ്. പ്രിയപ്പെട്ടവനെ തിരിച്ചെത്തിച്ചവർക്കു മുന്നിൽ തൊഴുതും കാലിൽ വീണും കുടുംബങ്ങളും കണ്ണീരോടെ സന്തോഷം പ്രകടിപ്പിച്ചു. ഒറീസയിലെ ബാരിപാദയിലുള്ള മധുപൂർ വനമേഖലയിലെ ഗ്രാമത്തിൽ ഇന്നലെ ഉച്ചക്ക് അരങ്ങേറിയത് അതിവൈകാരിക രംഗങ്ങളായിരുന്നു.

ജീവിതം കൈവിട്ട് പോയൊരാൾക്ക് എല്ലാം തിരിച്ചു നൽകാനായതിന്റെ നിർവൃതിയിലാണ് തെരുവിലലയുന്നവരെ ചികിത്സ നൽകി പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന പൊന്നാനിയിലെ ഇ.സി.ആർ.സിയുടെ (എമർജൻസി കെയർ റിക്കവറി സെന്റർ) സന്നദ്ധ പ്രവർത്തകർ.

മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ രാജു വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിത്തിരിഞ്ഞ് നാല് മാസം മുൻപാണ് പൊന്നാനിയിലെത്തുന്നത്. ഇ.സി.ആർ.സി വളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിന് ശേഷം രാജുവിനെ തൃക്കാവിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ചികിത്സയും സ്‌നേഹപരിചരണവും ചേർത്ത് ലഭിച്ചതോടെ രാജു പുതിയൊരു മനുഷ്യനായി.

കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ഇ.സി.ആർ.സിയിൽ എത്തുന്നത്. പിന്നീട് രാജു നൽകിയ വിവരത്തിന്റെ അടിസ്ഥാത്തിൽ ഒറീസയിലെ കുടുംബവുമായി ഇ.സി.ആർ.സിയുടെ നോളജ് പാർട്ണർമാരായ ദി ബനിയനിലെ പ്രവർത്തകർ ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ രാജുവിനെ ഭാര്യ തിരിച്ചറിഞ്ഞു. ഒടുവിൽ ഇന്നലെ ഉച്ചയോടെ രാജു സ്വന്തം വീടണഞ്ഞു.

വനാന്തരത്തിലെ ഗ്രാമത്തിൽ കാത്തുനിന്നത് അമ്പതോളം പേർ

പൊന്നാനി ശാന്തി പാലിയേറ്റീവ് ക്ലിനിക്ക് വളണ്ടിയർ അക്ബർ മുസയും ദി ബനിയൻ പ്രോഗ്രാം അസോസിയേറ്റ് ജിഷ്ണുവുമാണ് രാജുവിനെ വീട്ടിലെത്തിച്ചത്. ഭുവനേശ്വർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ബാരിപാദയിലേക്ക് ഒന്നര മണിക്കൂർ ബസ് യാത്ര. അവിടെ നിന്ന് 25 കിലോമീറ്റർ അകലെ കാടിനുള്ളിലാണ് രാജുവിന്റെ വീട്. ഓട്ടോറിക്ഷ മാത്രമാണ് അങ്ങോട്ടേക്കുള്ളത്. ബാരിപാദയിൽ നിന്ന് ഒറീസക്കാരിയും സന്നദ്ധ പ്രവർത്തകയുമായ ഗീതാഞ്ജലി ഇവർക്കൊപ്പം ചേർന്നു. വഴികാട്ടാൻ രാജുവിന്റെ ബന്ധുവായ ഉപേന്ദ്ര മഹന്ദയും. ഇയാളുടെ ബൈക്കിന് പിന്നാലെ ഇവരുടെ ഓട്ടോറിക്ഷ സഞ്ചരിച്ചു. ഒന്നര മണിയോടെ ഗ്രാമത്തിലെത്തി. അമ്പതോളം പേർ ഇവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. രാജുവിനെ കണ്ടതോടെ ഭാര്യയും സഹോദര ഭാര്യയും വാവിട്ട് കരഞ്ഞു. പരസ്പരം കാലിൽ വീണു. രാജുവിനൊപ്പമെത്തിയവരുടെ കാലിൽ വീഴാൻ ഭാര്യയും സഹോദര ഭാര്യയും തുനിഞ്ഞു. അവരത് തടഞ്ഞതോടെ രാജു വന്ന ഓട്ടോറിക്ഷക്കു മുന്നിൽ നെറ്റി കുത്തി വണങ്ങി. തങ്ങളുടെ പ്രിയപ്പെട്ടവനെ തിരിച്ചു തന്ന നിങ്ങൾ ദൈവങ്ങളാണെന്ന് പറഞ്ഞു.

ഭാര്യക്കൊരു സാരി

ഷീറ്റ് മേഞ്ഞൊരു ടെന്റിന് സമാനമായിരുന്നു വീട്. അടുക്കളയും ഹാളും മാത്രമാണുള്ളത്. വീടിനകത്ത് ഭക്ഷണപദാർത്ഥങ്ങളൊന്നും കണ്ടില്ലെന്ന് രാജുവിനൊപ്പം പോയവർ പറഞ്ഞു. കാട്ടിൽ പോയി വിറകുവെട്ടിയും തേൻ ശേഖരിച്ചുമാണ് ഇവരുടെ ജീവിതം. തുണിയും ഷർട്ടും ധരിച്ചെത്തിയ രാജു അവർക്ക് അത്ഭുതമായിരുന്നു. ഭാര്യക്കായി കൈയ്യിൽ കരുതിയ സാരിയെടുത്ത് നൽകാനായിരുന്നു രാജുവിന് തിടുക്കം. വസ്ത്രങ്ങളും ചെരുപ്പും മധുര പലഹാരങ്ങളും മരുന്നുമടങ്ങുന്ന ബാഗ് ഇ.സി.ആർ.സിയുടെ വകയായി രാജുവിന് കൈമാറി. വെള്ളത്തുണിയും കുപ്പായവും ഇവിടത്തെ പ്രമാണിമാരുടെ വേഷമാണെന്ന് പറഞ്ഞ് രാജു അതഴിച്ചു മാറ്റി. പിന്നീട് കൂപ്പുകൈകളോടെ ഇ.സി.ആർ.സി വളണ്ടിയർമാരെ ഗ്രാമം യാത്രയാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.