തിരൂർ: മുസ്‌ലിം ലീഗ് നേതാവായിരുന്ന നാഷണൽ ബാവാ ഹാജിയുടെ പേരിലുള്ള ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുനീക്കിയത് വിവാദമാകുന്നു. ലീഗ് നേതാവിന്റെ സ്മാരകമായി തിരൂർ ബി.പി.അങ്ങാടി റോഡിൽ പൊറ്റത്തപ്പടിയിലെ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുനീക്കിയിട്ടും നഗരസഭാ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് എൽ.ഡി.എഫ് മെമ്പർമാർ ആരോപിച്ചു. സമ്പന്നരായ കെട്ടിട ഉടമയുടെ താൽപര്യങ്ങൾക്കായാണ് ലീഗ് ഭരണസമിതിയുടെ അനുവാദത്തോടെ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചത്. നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഷെഡ് പൊളിക്കും മുമ്പ് പുതിയ ബസ് ഷെഡ് നിർമ്മിക്കാൻ പോലും നഗരസഭാ ഭരണ സമിതി നടപടിയെടുത്തിട്ടില്ല. ഇതേ തുടർന്ന് പൊതുജനം പൊരിവെയിലത്താണ് ബസ് കാത്തുനിൽക്കുന്നത്.
മുമ്പ് പൂങ്ങോട്ടുകുളത്ത് സ്ഥാപിച്ചിരുന്ന നാഷണൽ ബാവാ ഹാജിയുടെ പേരിലുള്ള ബസ് വെയ്റ്റിംഗ് ഷെഡ് കെട്ടിട ഉടമകൾ പൊളിച്ചപ്പോൾ അന്നത്തെ എൽ.ഡി.എഫ് കൗൺസിൽ കർക്കശ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.എസ്. ഗിരീഷ് പറഞ്ഞു. എന്നിട്ടും ലീഗ് നേതാവിന്റെ സ്മാരകത്തോട് നീതി പുലർത്താതെ കടുത്ത അനാദരവാണ് മുസ്‌ലിം ലീഗും നഗരസഭാ ഭരണ നേതൃത്വവും പുലർത്തുന്നതെന്നും നഗരസഭയിലെ ലൈഫ് പദ്ധതിയിൽ അനധികൃതമായി ആനുകൂല്യം കൈപറ്റിയവരേയും കുടുംബശ്രീ ഫണ്ട് തട്ടിയവരേയും യു.ഡി.എഫ് ഭരണ നേതൃത്വം സംരക്ഷിക്കുകയാണെന്നും ഗിരീഷ് പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ വി. നന്ദൻ, സി. നജീബുദ്ദീൻ, അനിത കല്ലേരി, എസ്. ഷബീറലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |