കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇരുചക്ര വാഹനാപകടം പതിവ്
കാൽനടയാത്രക്കാർക്കും ദുരിതം തന്നെ.
കനാലിന്റെ ഒരുവശത്ത് മാലിന്യം പെരുകിയതിനാൽ വെള്ളം കെട്ടി കിടക്കുന്നു
കനാലിന്റെ മറുവശത്ത് പൊന്തക്കാട്
മുതലമട: കാമ്പ്രത്തച്ചള്ള പഴയ പാത സ്രാമ്പിച്ചള്ള ജംഗ്ഷനിൽ മഴപെയ്താൽ വെള്ളക്കെട്ട് അതിരൂക്ഷം. റോഡിന്റെ അരുക് ചേർന്ന് കനാൽ ഉണ്ടെങ്കിലും ഒരുവശത്ത് മാലിന്യം പെരുകിയതിനാലും മറുവശത്ത് പുൽത്തിട്ട പൊന്തിക്കിടക്കുന്നത് മൂലവുമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയതോതിൽ മഴപെയ്യുമ്പോഴേക്കും ഇവിടെ വെള്ളക്കെട്ടുണ്ടാകും.
പഴയ പാത കാമ്പ്രത്ത്ച്ചള്ള റോഡ് സ്രാമ്പിച്ചള്ളയിലേക്ക് പോകുന്ന പ്രധാന റോഡായതിനാൽ പ്രതിദിനം നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും അഞ്ച് സ്‌കൂൾ ബസുകളും നിരവധി വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഇതുവഴി സഞ്ചരിക്കാറുണ്ട്. കൂടാതെ കാമ്പത്തിച്ചള്ള ചുള്ളിയർമാരുടെ ബൈപ്പാസ് റോഡ് ആയതിനാൽ ചെമ്മണാപതി, ചുള്ളിയാർ ഡാം, വെള്ളാരംകടവ് തുടങ്ങിയിടങ്ങളിലേക്ക് പോകുന്ന ഭൂരിഭാഗം വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ ഈ കാര്യങ്ങൾ ഉടൻ പരിഹരിച്ച് യാത്രാ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പൈപ്പ് ലൈൻ പൊട്ടി കുഴികൾ രൂപപ്പെട്ടു
മുൻപ് മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി ചെറിയതോതിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രമേണ പൈപ്പ് ലൈൻ നന്നാക്കാതെ വെള്ളം ചോർന്നപ്പോൾ കോൺക്രീറ്റ് റോഡും ടാർ റോഡും ചേർന്ന ജംഗ്ഷന്റെ ഒരു വശം വലിയതോതിൽ കുഴിഞ്ഞു പോയി. ഇതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |