വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുന്നത് സംസന്ധിച്ച് കരാർ കമ്പനി അധികൃതരുമായി മന്ത്രി തലസംഘം നടത്തിയ ചർച്ച പരാജയം. ടോൾ പിരിവിൽ നിന്ന് പിന്നോട്ടില്ലെന്ന് ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിമാരും, എം.എൽ.എമാരും അറിയിച്ചു. ഇതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇനിയൊരു തീരുമാനമുണ്ടാകും വരെ തത്‌സ്ഥിതി തുടരും. ഏകപക്ഷീയമായി ടോൾ പിരിച്ചാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് പി.പി.സുമോദ് എം.എൽ.എ പറഞ്ഞു. പന്നിയങ്കര ടോൾ പ്ലാസയിൽ രണ്ടര വർഷം മുമ്പ് ആരംഭിച്ച ടോൾ പിരിവിൽ നിന്ന് പ്രദേശത്തെ ആറ് പഞ്ചായത്തുകളെ ഒഴിവാക്കിയിരുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തുകളാണിവ. എന്നാൽ ഈ പഞ്ചായത്തുകളിലെ വാഹനങ്ങൾക്കും ഈ മാസം ഒന്ന് മുതൽ ടോൾ ഏർപ്പെടുത്താനായിരുന്നു കമ്പനി നീക്കം. പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പൗരസമിതികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിക്കാനുള്ള നീക്കം താത്കാലികമായി കമ്പനി നിറുത്തി വയ്ക്കുകയായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പി.പി.സുമോദ് ഇടപ്പെട്ട് യോഗം വിളിക്കാൻ തീരുമാനിച്ചത്. ടോൾ പിരിക്കുന്നതിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ കഴിയില്ലെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. പ്രതിമാസം 340 എന്നത് 300 രൂപയാക്കി കുറക്കാമെന്ന് അറിയിച്ചെങ്കിലും സൗജന്യ യാത്ര വേണമെന്ന നിലപാടിൽ മന്ത്രിമാരും, എം.എൽ.എമാരും നിന്നതോടെ ചർച്ച അലസുകയായിരുന്നു. നിയമസഭാ ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, പ്രൊഫ. ആർ.ബിന്ദു, എം.എൽ.എമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സി സുരേഷ്, കവിത മാധവൻ, കെ.എൽ.രമേഷ്, എം.സുമതി, ഐ.ഹസീന, ദേശീയപാത അതോറിറ്റി അധികൃതർ, ടോൾ കമ്പനി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |