പറമ്പിക്കുളം: വട്ടലക്കി ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മികച്ച ചികിത്സ നൽകിയതിനെ തുടർന്ന് തൃപ്തികരമായതിനാൽ നിയമാനുസൃത മാനദണ്ഡങ്ങൾ പാലിച്ച് പറമ്പിക്കുളം ടൈഗർ റിസർവ്വിലേക്ക് തുറന്നുവിട്ടതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു. മണ്ണാർക്കാട് വനം ഡിവിഷൻ അഗളി റേഞ്ചിൽ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂൺ പത്തിനാണ് പുലിയെ കണ്ടെത്തിയത്. കഴുത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ നിന്നും ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘമെത്തി പരിശോധിച്ചു. വിദഗ്ദ്ധ ചികിത്സക്കായി ജൂൺ 15നാണ് ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടർചികിത്സയുടെ ഫലമായി പുലിയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം പുലിയെ കാട്ടിലേക്ക് തുറന്നുവിടുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ സമർപ്പിച്ചു. തുടർന്ന് ഇന്നലെയാണ് പുള്ളിപുലിയെ പറമ്പിക്കുളം ടൈഗർ റിസർവ്വിലേക്ക് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |