ഒറ്റപ്പാലം: വാണിയംകുളം പനയൂർ കിഴക്കെ പുതുവാരിടംമന ഹരിപ്രസാദിന്റെ 15 സെന്റ് മാത്രമുള്ള
കൃഷിയിടത്തിൽ എത്തിയാൽ കാണാം മാവുകളുടെ വൻ ശേഖരം. പല വിഭാഗത്തിലായി 110 വ്യത്യസ്ത മാവിൻ തൈകളാണ് ഈ കൃഷിയിടത്തിലുള്ളത്. ഇതിൽ പകുതിയിലേറെയും കായ്ച് ഫലം തരുന്നവയാണ്. ഡ്രമ്മുകളിലും ചട്ടികളിലും പോളിത്തീൻ കവറുകളിലുമായാണ് മാവുകൾ കൃഷി ചെയ്തിരിക്കുന്നത്.
എട്ട് വർഷമായി ഹരിപ്രസാദ് മാവ് കൃഷി ചെയ്യുന്നു. അറിയപ്പെടാതെ കിടക്കുന്ന മാവുകൾ കണ്ടെത്തി കമ്പുകൾ ഒട്ടിച്ച് പുതിയ തൈകളുടെ ഉത്പാദനവുമുണ്ട്. മാങ്ങകളോടുള്ള ഇഷ്ടവും കൃഷിയോടുള്ള സ്‌നേഹവുമാണ് മാവ് കൃഷിക്ക് പിന്നിലെ കാരണമെന്ന് ഹരിപ്രസാദ് പറഞ്ഞു. ഇതിനു പുറമെ ഡ്രാഗൺ ഫ്രൂട്ട്, ശർക്കര പഴം (ഒലോ സോപ്പോ), മൂന്നു കിലോ വരെ തൂക്കം വരുന്ന മേമി സപ്പോട്ട തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്. വിവിധയിനം ചാമ്പക്കകളും,അർക്ക കിരൺ, തായ് പിങ്ക്, ജപ്പാൻ പേര അലഹബാദ് സഫേദ് എന്നിങ്ങനെ 12 ഇനം പേരക്കകളും കായ്ച്ചു നിൽക്കുന്നുണ്ട്. ഇവയെല്ലാം കൃഷി ചെയ്യുന്നത് 15 സെന്റ് സ്ഥലത്താണ് എന്നതാണ് കൗതുകം. വലിയ ചട്ടികളിലും പ്ലാസ്റ്റിക് പാത്രത്തിലുമൊക്കെയാണ് ഇതെല്ലാം നട്ടുപിടിപ്പിച്ചിരിക്കുന്നത്. മനിശ്ശീരി ആറംകുളം അക്ലേശ്വര ക്ഷേത്ര മേൽശാന്തി കൂടിയാണ് ഹരിപ്രസാദ് നമ്പൂതിരി. ഭാര്യ ജ്യോതി കൃഷ്ണയും മകൾ ശ്രീദേവിയും കൃഷിക്ക് പ്രോത്സാഹനം നൽകുന്നുണ്ട്.
മാവുകൾ വിദേശി മുതൽ തനിനാടൻ വരെ
മിയാസാക്കി, ലങ്കത, അമേരിക്കൻ റെഡ് പൾമർ, ജംബോ റെഡ്, ചോൻസ എന്നിങ്ങനെ 30 ഓളം ഇനം വിദേശമാവുകളും ഇവിടെയുണ്ട്. ചുവന്ന ചേലൻ, പഞ്ചാരക്കുടവൻ, ചന്ദ്രക്കാരൻ, കാലാപ്പാടി, കേസർ, കല്ലുകട്ടി എന്നിങ്ങനെ 56 ഇനം സ്വദേശികളുമുണ്ട്. ഇതിനു പുറമെ എസ്.കെ.പി.കുഞ്ഞൂസ്, പുതുവാരിടം മാഗോ എന്നിങ്ങനെ നാട്ടിൽ അറിയപ്പെടാത്ത കിടന്ന നല്ലയിനം മാങ്ങകളും കൃഷി ചെയ്യുന്നുണ്ട്. നാട്ടിൻ പുറത്ത് നിന്നുള്ള മൂവാണ്ടൻ, നീലൻ, പാലക്കാടൻ കോട്ടമാങ്ങയടക്കം 25 ഇനങ്ങളും കൃഷിയിടത്തിലുണ്ട്. ഉദ്പാദനശേഷി കൂടിയ രത്ന, എച്ച് 151, എച്ച് 47, നീലി ഷാൻ, മേലുദ്ധീൻ എന്നിങ്ങനെ 25 ഇനങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |