പാലക്കാട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട്(എൻ.ഡി.പി.എസ്) പാലക്കാട് ജില്ലയിൽ ഈ വർഷം മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തത് 738 കേസ്. 771 പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ കഞ്ചാവ് ചെടികൾ വളർത്തിയതിന് 48, കഞ്ചാവ് ബീഡി വലിച്ചതിന് 664 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.പി.എസ് സ്‌ക്വാഡുകൾ ജില്ലയിൽ 4800ലധികം റെയ്ഡുകൾ നടത്തിയതായി ജില്ലാ പൊലീസ് അറിയിച്ചു.
305.793 കിലോ കഞ്ചാവ്, 236.796 ഗ്രാം എം.ഡി.എം.എ, 203.18 ഗ്രാം മെത്താംഫെറ്റാമൈൻ, 0.510 ഗ്രാം ആംഫെറ്റാമൈൻ, 16.97 ഗ്രാം ഹാഷിഷ് ഓയിൽ, 148.750 ഗ്രാം പൈവോൺ സ്പാസ് പ്ലസ് കാപ്സ്യൂളിൽ ട്രാമഡോൾ എച്ച്.സി.ഐ, 11.780 ഗ്രാം ആൽപ്രാപാൽ കാപ്സ്യൂൾ ടാബ്‌ലെറ്റിൽ അൽപ്രാസോലം ടാബ്‌ലെറ്റുകൾ എന്നിവ പ്രത്യേക ഡ്രൈവ് വഴി കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരുടെയും ഹോട്ട് സ്‌പോട്ടുകളുടെയും സമഗ്രമായ പട്ടിക തയ്യാറാക്കി, തിരിച്ചറിഞ്ഞ് എല്ലാ ഹോട്ട്സ്‌പോട്ടുകളും നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന സാമൂഹിക വിരുദ്ധരെ പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാടിന്റെ അതിർത്തി പങ്കിടുന്നതിനാൽ പാലക്കാട് ജില്ലയിൽ സാമൂഹിക വിരുദ്ധർ അതിർത്തിയിലൂടെ മറ്റ് കള്ളക്കടത്തുകൾ നടത്തുന്നുണ്ടെന്ന വിവരത്തിന്റെ വെളിച്ചത്തിൽ അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പൊതുഗതാഗതം, ടൂറിസ്റ്റ് ബസുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഇത്തരത്തിൽ ധാരാളം കേസുകൾ കണ്ടെത്തിയതായും പാലക്കാട് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലയിൽ മയക്കുമരുന്നുകളുടെ കടത്തലും, വിതരണവും കണ്ടെത്തുന്നതിനായി ശക്തമായ പരിശോധന തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |