പാലക്കാട്: ജില്ലാ ആശുപത്രിയിൽ അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണം സെപ്തംബറിൽ പൂർത്തിയാകും. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 127.15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ജോലികൾ പൂർത്തിയായാൽ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഇൻഫ്രാടെക് സർവീസസിനാണ് പദ്ധതിയുടെ
നിർമ്മാണച്ചുമതല. ആറ് നിലകളുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ഒ.പി, വാർഡുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, സ്റ്റെറിലൈസേഷൻ യൂണിറ്റ്, റേഡിയോളജി ഡിപ്പാർട്ട്‌മെന്റ്, ലാബുകൾ എന്നിവയാണുള്ളത്. മികച്ച ആധുനിക ഉപകരണങ്ങളും ഇവിടെ ലഭ്യമാക്കും.
പൊളിച്ചുമാറ്റിയ പഴയ ടി.ബി വാർഡ് നിന്നിരുന്ന ഭാഗത്താണു പുതിയ ആശുപത്രി കോംപ്ലക്സ് നിർമ്മിക്കുന്നത്. 9.2 ഏക്കർ വിസ്തൃതിയിലാണ് ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിലവിലെ കെട്ടിടങ്ങൾ ചിതറിക്കിടക്കുന്നതിനാൽ സ്ഥലം ഉണ്ടായിട്ടും അതൊന്നും വേണ്ട വിധത്തിൽ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. ഉള്ള കെട്ടിടങ്ങളിൽ ഭൂരിഭാഗവും കാലപ്പഴക്കത്തിന്റെ പിടിയിലാണ്. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ വികസനത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സ്ഥലം ജനപ്രതിനിധികളും സംയുക്തമായി പരിശ്രമിച്ചാണു പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്. പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
നാലു നില, 380 കിടക്കകൾ
380 കിടക്കകളുള്ള വാർഡാണ് ഒരുങ്ങുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം ഓപ്പറേഷൻ തിയറ്ററുകളും പ്രീ ഓപ്പറേറ്റീവ് ചെക്കപ് മുറികളും പ്രീ ഓപ്പറേറ്റീവ് രോഗികൾക്കുള്ള വിശ്രമമുറികളും ഒരുക്കുന്നതോടൊപ്പം അത്യാഹിത ഓപ്പറേഷൻ തിയറ്ററുകളും സെപ്റ്റിക് ഓപ്പറേഷൻ തിയറ്ററുകളുമുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറിൽ ഔട്ട് പേഷ്യന്റ് വിഭാഗം ഫാർമസി, ലബോറട്ടറി ഉൾപ്പെടെയുള്ള ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങൾ ഒരുക്കും. ഒന്നാം നിലയിൽ ബാക്കി ഒ.പികളും 60 കിടക്കകൾ ഉൾപ്പെടുന്ന വാർഡും സജ്ജമാക്കും. രണ്ടാം നിലയിൽ 120 കിടക്കകൾ ഉൾക്കൊള്ളുന്ന വിശാല വാർഡ്. മൂന്നാം നിലയിൽ 60 കിടക്കകളുള്ള സർജിക്കൽ വാർഡും 24 കിടക്കൾ വീതമുള്ള 2 തീവ്രപരിചരണ യൂണിറ്റുകളും (ഐസിയു) ഒരുക്കും. ശസ്ത്രക്രിയ നടത്തേണ്ട രോഗികളെയും ശസ്ത്രക്രിയകൾക്കു ശേഷമുള്ള രോഗികളെയും ശുശ്രൂഷിക്കുന്ന പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡാണു നാലാം നിലയിൽ സജ്ജമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |