കഞ്ചിക്കോട്: അതിർത്തി ഗ്രാമങ്ങൾ ആന പേടിയിൽ. തമിഴ്നാട് അതിർത്തിയായ വാളയാർ, കഞ്ചിക്കോട്, പുതുശ്ശേരി മേഖലകളിലെ ജനങ്ങളാണ് ആനപ്പേടിയിൽ ഉറക്കം നഷ്ടപ്പെട്ട് കഴിയുന്നത്. വനത്തിൽ നിന്ന് തീറ്റ തേടി ആനകൾ ഇറങ്ങുന്നത് ജനവാസ മേഖലയിലേക്കാണ്. കഴിഞ്ഞ മൂന്ന് മാസത്തെ സ്ഥിതി മാത്രം നോക്കിയാൽ മിക്കവാറും ദിവസങ്ങളിൽ ആനകൾ കാടിറങ്ങുന്നുണ്ട്. രാത്രി കാലങ്ങളിൽ ആനയിറങ്ങുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വനം വകുപ്പും നിസ്സഹായ അവസ്ഥയിലാണ്. ആനകൾ ഇവിടെ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. അതുകൊണ്ടുതന്നെ ഭീതിയോടെയാണ് ഇവിടെയുള്ളവർ ഓരോ ദിവസവും തള്ളി നീക്കുന്നത്. കഴിഞ്ഞ ദിവസം വലിയേരി ഭാഗത്ത് ഇറങ്ങിയ ആനകൾ കർഷകനായ മനോജിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടർ അര കിലോമീറ്ററോളം ദൂരം വലിച്ചുകൊണ്ടു പോയി. ട്രാക്ടറിന്റെ എൻജിനും മേൽഭാഗവും തകർന്നു. പ്രദേശത്തെ മുഴുവൻ കർഷകരും കാർഷിക ജോലിക്ക് ഉപയോഗിക്കുന്ന തൊഴിൽ സേനയുടെ ട്രാക്ടർ പൂർണമായും ഉപയോഗയോഗ്യമല്ലാതായി. പനങ്കാട് ചുള്ളിപ്പള്ളം സുധീഷിന്റെ പറമ്പിൽ കയറിയ ആനകൾ പന്ത്രണ്ട് തെങ്ങുകൾ മറിച്ചിട്ടു. വീടുകളിലും ആനകളുടെ കടന്നുകയറ്റം ഉണ്ടായി. വീടുകളിൽ താമസിച്ചിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ആനകൾ കാടിറങ്ങുന്നത് ഈ മേഖലയിൽ കുറെ കാലങ്ങളായി നില നിൽക്കുന്ന ഒരു പ്രശ്നമാണ്. പക്ഷെ ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമായി. ഒരു സ്ഥലത്തല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് ദിവസേന ആനയിറങ്ങുന്നത് പതിവായി.
ആനകളുടെ വിഹാരകേന്ദ്രമായി ചുള്ളിമട
കഞ്ചിക്കോട് ചുള്ളിമടയാണ് ആനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. ആനകളുടെ സഞ്ചാര പാത ആയതിനാലാണ് ഇതുവഴി ആന ഇറങ്ങുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ തെങ്ങുകൾ പിഴുതെറിഞ്ഞും നെൽച്ചെടികൾ ചവിട്ടിമെതിച്ചും ആനകൾ വലിയ തോതിൽ കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്. കഞ്ചിക്കോട് അസിസി സ്‌കൂൾ വളപ്പിലും വി.വി.കോളേജ് വളപ്പിലും രാത്രി കാലങ്ങളിൽ ആന ഇറങ്ങുന്നുണ്ട്.
മതിയായ വാച്ചർമാരില്ല
റെയിൽപാളം ഉപയോഗിച്ചുള്ള കോൺക്രീറ്റ് വേലി നിർമ്മിച്ചാൽ മാത്രമെ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളുവെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. വനം വകുപ്പ് അതിർത്തിയിൽ രാത്രി വാച്ചർമാരുടെ
കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാച്ചർമാരുടെ എണ്ണം കുറവായത് കൊണ്ട് ഫലപ്രദമാകുന്നില്ല. ഒരു ഭാഗത്ത് വാച്ചർമാർ കാവൽ നിൽക്കുമ്പോൾ മറ്റൊരു ഭാഗത്ത് ആന ഇറങ്ങുകയാണ്. അതുകൊണ്ടുതന്നെ നാട്ടുകാർ ഉറക്കം കളഞ്ഞ് കാവലിരിക്കേണ്ട സ്ഥിതിയാണ്. പടക്കം പൊട്ടിച്ചും ചെണ്ടകൊണ്ടിയും ആനകൾ വരുന്നത് തടയാനാണ് ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |