പാലക്കാട്: പൊലീസ് വകുപ്പിന്റെ കെ9 സ്‌ക്വാഡ് മുന്നിട്ടിറങ്ങുമ്പോൾ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇക്കുറി പൊലീസ് ഡോഗ് ഷോ ശ്രദ്ധേയമാകുമെന്ന് മാത്രമല്ല കാണികളെ തരിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാല് മുതൽ 10 വരെ പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം പ്രദർശന വിപണന മേള നടക്കുക. പാലക്കാട് ജില്ല പൊലീസ് മേധാവിയുടെ കീഴിലെ പാലക്കാട് കെ9 സ്‌ക്വാഡിലെ അഞ്ച് ഡോഗുകളും ഷൊർണൂർ കെ9 സ്‌ക്വാഡിലെ നാല് ഡോഗുകളും മേളയിൽ വിവിധ ദിവസങ്ങളിൽ ഭാഗമാകും.
സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നവ, ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുന്നവ, മോഷണം, കവർച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നവ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽ നിന്നുള്ള ഡോഗുകളാണ് മേളയുടെ ഭാഗമാവുക. രണ്ട് സ്‌ക്വാഡിലായി ലാബ്രഡോർ റിട്രീവർ ബ്രീഡിലെ ബെറ്റിയും ലൂസിയും ചിപ്പിപ്പാറ ബ്രീഡിലെ നിക്കി, കന്നി ബ്രീഡിലെ റോസി, ജി.എസ്.ഡി ബ്രീഡിലെ ടെസ്സ്, മാലിനോയിസ് വിഭാഗത്തിൽപ്പെട്ട ഹാർലി, ബ്ലൂമി, ലിന്റ, ആസ്ത്ര എന്നീ പേരുകളുളള ഡോഗുകളാണ് പങ്കെടുക്കുക.
മേള നടക്കുന്ന ഏഴ് ദിവസം ഒരോ ഡോഗുകൾ വീതം അവരുടെ ട്രേഡിലെ മികവുകൾ പൊതുജനങ്ങൾക്കായി അവതരിപ്പിക്കും. പൊലീസിന്റെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്ക്കരണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് പൊലീസ് ഡോഗ് ഷോ മേളയിൽ നടത്തുന്നത്. വിവിധ വകുപ്പുകളുടെ തീംസർവീസ് സ്റ്റാളുകളും കൊമേഴ്ഷ്യൽ സ്റ്റാളുകളും ഉൾപ്പെടെ ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമാകും. മേളയിൽ പ്രവേശനം സൗജന്യമായിരിക്കും. പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |