18.1 കിലോമീറ്റർ ദൂരമാണ് ഒന്നാംഘട്ട നിർമ്മാണം
പാരിസ്ഥിതിക പഠനവും മറ്റും പൂർത്തീകരിച്ചു
മണ്ണു പരിശോധന ആരംഭിച്ചു
പാലക്കാട്: മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ചിന്റെ പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമാകുന്നു. മലപ്പുറം-പാലക്കാട് അതിർത്തിയായ അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ പഞ്ചായത്തിലെ ചുങ്കംവരെയുള്ള ആദ്യറീച്ചായ 18.1 കിലോമീറ്റർ ദൂരമാണ് ഒന്നാംഘട്ട നിർമ്മാണം. ഇതു കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ എത്തിച്ചേരും. പാരിസ്ഥിതിക പഠനവും മറ്റും പൂർത്തീകരിച്ചു. മണ്ണു പരിശോധനയും (സി.വി.ആർ) ആരംഭിച്ചു. നിലവിലെ കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാനപാതയാണ് മലയോര ഹൈവേയുടെ ഭാഗമായി മാറുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് (യു.എൽ.സി.സി.എസ്) 91.4 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്തിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതിക്കായി മേൽനോട്ടം വഹിക്കും. 12 മീറ്റർ വീതിയിൽ അഴുക്കുചാലോടു കൂടിയാണു റോഡ്. ഇതിൽ 9 മീറ്ററിൽ പൂർണമായും ടാറിംഗ് നടത്തും. അലനല്ലൂർ, കോട്ടോപ്പാടം ടൗണുകൾക്കു പുറമേ പ്രധാന ജംഗ്ഷനുകളായ ഭീമനാട്, മേലേ അരിയൂർ ഉൾപ്പെടെ പത്തോളം ഇടങ്ങളിൽ കൈവരിളോടു കൂടിയ നടപ്പാതയുണ്ടാകും. പാതയുടെ അരികിൽ ടൈൽവിരിക്കും, യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും, കാത്തിരിപ്പകേന്ദ്രങ്ങളും ഒരുക്കും. അഴുക്കുചാലിനു മുകളിൽ സ്ലാബിട്ടാണു നടപ്പാത സംവിധാനം ഒരുക്കുക. ഒട്ടേറെ വളവുകളുള്ള പാതയിൽ സാധ്യമായ സ്ഥലത്തെല്ലാം വളവുകൾ നിവർത്തി സുഗമമായ ഗതാഗതം സാധ്യമാകുന്ന തരത്തിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുള്ളത്. ജില്ലയിലെ റീച്ചുകളിൽ പാലം നിർമ്മിക്കില്ല. ഹൈവേ കടന്നുപോകുന്ന പ്രദേശത്ത് അധികമായി സ്ഥലമേറ്റെടുപ്പ് ആവശ്യമായി വന്നില്ലെന്ന് അധികൃതർ പറഞ്ഞു. മരങ്ങൾ മുറിച്ചുമാറ്റുകയും വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
നിർമ്മാണ കാലാവധി രണ്ടുവർഷം
രണ്ടുവർഷമാണ് ആദ്യറീച്ചിന്റെ നിർമ്മാണകാലാവധി. അഞ്ച് റീച്ചുകളിലായിട്ടാണ് മലയോരഹൈവേ ജില്ലയിൽ പൂർത്തിയാക്കുക. കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതയാണ് ആദ്യറീച്ച്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കുമരംപുത്തൂരിലാണ് ഈ റോഡ് അവസാനിക്കുക. ഇവിടെ നിന്ന് ദേശീയപാതയിലൂടെ താണാവ് വഴി പാലക്കാട്-തൃശൂർ ഹൈവേയിലെത്തും. തുടർന്ന് പാറ-പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തും. ഗോപാലപുരത്തുനിന്ന് കന്നിമാരി മേടുവരെയാണ് രണ്ടാംറീച്ച്. കന്നിമാരിമേട്ടിൽനിന്നും നെടുമണിവരെ മൂന്നാം റീച്ചും പനങ്ങാട്ടിരിയിൽനിന്ന് വിത്തിനശ്ശേരിവരെ നാലാംറീച്ചും നിർമ്മിക്കും. അയിനംപാടത്തുനിന്ന് വടക്കഞ്ചേരി തങ്കം ജംഗ്ഷൻവരെ അഞ്ചാംറീച്ചും പൂർത്തിയാക്കുന്നതോടെ മലയോരഹൈവേ യാഥാർത്ഥ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |