പാലക്കാട്: ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവും ആക്കുന്നതിനായി റെയിൽവേ ട്രാക്കും റെയിൽവേ ഗേറ്റുകളും ആധുനിക രീതിയിൽ നവീകരിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ. ലൂപ് ലൈനുകൾ നവീകരിക്കൽ, റെയിൽവേ ഗേറ്റുകളുടെ ഇൻ്റർലോക്കിംഗ്, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റെയിൽവേ ഗേറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പാക്കി വരുന്നത്. ട്രെയിനുകൾ പോകുന്ന പ്രധാന പാതയ്ക്കു പുറമേ ക്രോസിംഗിനും മറ്റുമായി ഉപയോഗിക്കുന്ന ലൂപ് ലൈനുകളുടെ ശേഷിയും പ്രധാന ട്രാക്കുകളുടേതിനു സമാനമാക്കും. ട്രെയിൻ വളരെ വേഗം കുറച്ചു സഞ്ചരിക്കുന്ന ലൂപ് ലൈനുകൾ പൊതുവേ നിലവാരം കുറഞ്ഞവയായിരിക്കും. പാലക്കാട് ഡിവിഷനു കീഴിൽ 56 ലൂപ് ലൈനുകളിൽ 27 എണ്ണം ഇതിനകം പ്രധാന ട്രാക്കിന്റേതിനു സമാനമായി ഉയർന്ന നിലവാരത്തിലാക്കി കഴിഞ്ഞു. ശേഷിച്ച ലൂപ് ലൈനുകളുടെയും നിലവാരം ഘട്ടംഘട്ടമായി ഉയർത്തും.
ട്രെയിനുകളുടെയും മറ്റു വാഹനങ്ങളുടെയും സമ്പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി പാലക്കാട് ഡിവിഷനു കീഴിലെ 129 റെയിൽവേ ക്രോസിംഗുകളിലും ഇൻ്റർലോക്കിംഗ് ഗേറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അതായത് റെയിൽവേ ഗേറ്റ് അടഞ്ഞുകിടന്നാൽ മാത്രമേ ട്രെയിനുകൾ കടത്തിവിടുകയുള്ളു.
ഇതിനു പുറമേ ഗേറ്റ് കീപ്പർമാർ കൈ കൊണ്ടുയർത്തിയിരുന്ന പരമ്പരാഗത റെയിൽവേ ഗേറ്റിനു പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലിഫ്റ്റിംഗ് ബാരിയറുകളും റെയിൽ ക്രോസിംഗുകളിൽ സ്ഥാപിച്ചു വരികയാണ്. പാലക്കാട് ഡിവിഷനു കീഴിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ഗേറ്റുകൾ ഇലക്ട്രിക്കലി ഓപറേറ്റഡ് ലിഫ്‌റ്റിംഗ് ബാരിയേഴ്സ്(ഇ.എൽ.ഒ.ബി) ആയി പരിഷ്കരിച്ചു. നടപ്പു സാമ്പത്തിക വർഷം 62 ഗേറ്റുകൾ കൂടി ഇത്തരത്തിൽ നവീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
എമർജൻസി സ്ലൈഡിംഗ് ബൂം
ഇതിനു പുറമേ ഡിവിഷനു കീഴിലെ എല്ലാ റെയിൽ ക്രോസിംഗുകളിലും എമർജൻസി സ്ലൈഡിംഗ് ബൂമുകളും ഏർപ്പെടുത്തി. ഗേറ്റുകൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കാവുന്ന സ്ലൈഡിംഗ് ബൂം ക്രോസിംഗുകളിൽ ട്രെയിനുകളുടെയും മറ്റു വാഹനങ്ങളുടെയും സുഗമമായ യാത്രയും സുരക്ഷിതത്വവും ഉറപ്പു വരുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |