പാലക്കാട്: കൊയ്ത്തു കൊഴിഞ്ഞ് മാസങ്ങളായെങ്കിലും പകുതിനെല്ലും സംഭരിക്കാനാകാതെ സപ്ലൈകോ. നെല്ല് സംഭരണത്തിന് വേഗത കുറഞ്ഞതോടെ കർഷകരെ ചൂഷണം ചെയ്ത് ഏജന്റുമാർ. കൊയ്‌തെടുത്ത നെല്ല് ഉണക്കി ചാക്കിൽ നിറച്ചു വീട്ടുമുറ്റങ്ങളിലും കൃഷിയിടങ്ങളിലുമായി സൂക്ഷിക്കുന്ന കർഷകരാണു ചൂഷണത്തിനിരയാകുന്നത്. നെല്ലു സംഭരണം വൈകുന്നതോടെ, തൂക്കം കുറച്ചാലും കുഴപ്പമില്ല നെല്ലുകൊണ്ടുപോയാൽ മതിയെന്ന അവസ്ഥയിലാണു കർഷകർ. ഈ അവസരം മുതലെടുത്ത് ചാക്കിന് ഒന്നര മുതൽ രണ്ടു കിലോഗ്രാം വരെ തൂക്കം കുറയ്ക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. മേഖലയിൽ ഇനിയും 50 ശതമാനത്തിലേറെ നെല്ല് സംഭരിക്കാനുണ്ട്. മട്ട ഇനത്തിൽപെട്ട നെല്ലു മുഴുവൻ സംഭരിച്ചു കഴിഞ്ഞു. ഇനി വെള്ള നെല്ലിനങ്ങൾ മാത്രമാണു സംഭരിക്കാനുള്ളത്. ഈ നെല്ലിനങ്ങൾക്കാണു തൂക്കം കുറയ്ക്കുന്നത്. ഓരോ പാടശേഖരത്തിലെയും സെക്രട്ടറിമാരുടെ നിർദേശപ്രകാരമാണ് ഓരോ ദിവസവും സംഭരണം നടത്തുന്നത്. ചൂഷണം ചോദ്യം ചെയ്യുന്ന കർഷകരുടെ നെല്ലു സംഭരിക്കാൻ മനഃപൂർവം കാലതാമസം ഉണ്ടാക്കുന്നതായും വ്യാപക പരാതിയുണ്ട്.
പാടശേഖര സമിതി ഭാരവാഹികൾ അറിയാതെ നെല്ലിന്റെ സാമ്പിൾ എടുക്കാൻ ഏജന്റിന്റെ സഹായി വന്നിരുന്നു. സമിതിയിലെ 31 കർഷകരുടെയും നെല്ല് സംഭരിക്കുമ്പോൾ ചാക്കിന് ഒന്നര കിലോഗ്രാം എന്ന തോതിൽ തൂക്കം കുറയ്ക്കുമെന്നും പറഞ്ഞു. എന്നാൽ ഒരു കാരണവശാലും അതനുവദിക്കില്ലെന്ന് വാരിയർമഠം പാടശേഖര സമിതി അംഗങ്ങൾ പറയുന്നു. ഇത്തവണ ഭൂരിഭാഗം കർഷകർക്കും നല്ല വിളവു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഏക്കറിന് 2200 കിലോഗ്രാം മാത്രമേ സംഭരിക്കൂ എന്ന നിലപാടും കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഇതിനു പരിഹാരം കാണാനായി ക്രോപ് കട്ടിംഗ് നടത്തിയതും പ്രഹസനമായെന്നും കർഷകർ ആരോപിക്കുന്നു. മുൻകാലങ്ങളിൽ ഏജന്റുമാർ തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്കു നെല്ലു കൊണ്ടുവന്നു കൃഷി ചെയ്യാത്ത കർഷകരുടെ പേരിൽ സപ്ലൈകോയിലേക്ക് അളന്നു വലിയ തോതിൽ തട്ടിപ്പു നടത്തിയിരുന്നു. എന്നാൽ നിയമങ്ങൾ കർശനമാക്കിയതോടെ ഇത്തരം തട്ടിപ്പു നടക്കാതായി. നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്ത കർഷകരുടെ പക്കൽ നിന്നു കുറഞ്ഞ വിലയ്ക്ക് ഏജന്റുമാർ നേരിട്ട് എടുക്കുന്ന നെല്ല് പലയിടങ്ങളിലായി സംഭരിച്ച് സപ്ലൈകോയിലേക്ക് അളക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |