പട്ടാമ്പി: ഒരു നാടിന്റെ മുഴുവൻ ജലസംഭരണിയായിരുന്ന ഉമ്മത്തൂർ പണ്ടാരപറമ്പിൽ കുളം ജീർണാവസ്ഥയിൽ. ആനക്കര പഞ്ചായത്തിലെ പ്രധാനപ്പെട്ട ജല സ്രോതസുകളിലൊന്നാണിത്. 10 സെന്റിലേറെ വ്യാപിച്ചുകിടക്കുന്ന ഈ ജലാശയത്തെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. ഒരുകാലത്ത് ഈ പ്രദേശത്തെ കൃഷിക്ക് ജീവനേകിയിരുന്ന ജല സ്രോതസാണിത്.
കുട്ടികൾ അടക്കമുള്ള ആളുകൾ നീന്തൽ പരിശീലനം നേടുന്നതിനും കുളം ഉപയോഗപ്പെടുത്തി യിരുന്നു. ഇപ്പോൾ മാലിന്യം നിറഞ്ഞും വിസ്തൃതി കുറഞ്ഞും വള്ളിപ്പടർപ്പുകളും പായലും വളർന്നും ചെറിയ കാടിന് സമാനമായിരിക്കുകയാണ്.
കൂടാതെ അനധികൃതമായി കുളം മണ്ണിട്ട് നികത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കുളം സംരക്ഷിച്ചാൽ വേനൽക്കാലത്തു ജലക്ഷാമം രൂക്ഷമാകുന്ന ഇവിടത്തെ സമീപ പ്രദേശങ്ങൾക്ക് ആശ്വാസമാവും. ആഴംകൂട്ടിയാൽ സമീപ പ്രദേശങ്ങളിലെ നൂറിലധികം ഹെക്ടർ വയലുകളിൽ ജലസേചനം നടത്താവുന്ന ശുദ്ധജലപദ്ധതിക്കും സാധ്യതയുണ്ട്. കിണറുകളിൽ ജലനിരപ്പും ഉയരും. കൊടും വേനലിൽ പോലും വളരെ ജലലഭ്യതയുള്ള കുളം കാടുമൂടി ഇഴജന്തുക്കളുടെ താവളങ്ങളായി മാറിയിട്ടും അതിനെ വൃത്തിയാക്കി ജലദൗർലഭ്യം പരിഹരിക്കാൻ ഇതുവരെ ത്രിതല പഞ്ചായത്ത്കൾക്കോ മറ്റ് സർക്കാർ സംവിധാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. കൂടുതൽ നശിക്കുന്നതിന് മുമ്പ് കുളം വശങ്ങൾ കെട്ടി ആഴം കൂട്ടി സംരക്ഷിക്കാൻ ത്രിതല പഞ്ചായത്തുകളോ സംസ്ഥാന ജലസേചന വകുപ്പോ കൃഷി വകുപ്പോ മുന്നോട്ട് വരണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്.ഷൗക്കത്തലി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |