പാലക്കാട്: ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാൻ സുപ്രധാന ചുവടുവെയ്പ്പുമായി പാലക്കാട് റെയിൽവേ ഡിവിഷൻ. സ്വർഗ ഫൗണ്ടേഷന്റെ പിന്തുണയിൽ ഇന്റർനാഷണൽ ജേമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്(ഐ.ജി.ഐ) ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സുഗമ്യ പദ്ധതി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും അനുയോജ്യമായതും എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്നതുമായ യാത്രാ അന്തരീക്ഷം ഒരുക്കുന്നതിന് ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ റാമ്പുകളും വീൽചെയറുകളും നമ്മുടെ ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും സ്വാതന്ത്ര്യവും നൽകും. ഇത് യാഥാർത്ഥ്യമാക്കുന്നതിന് സ്വർഗ ഫൗണ്ടേഷനും ഐ.ജി.ഐ ഇന്ത്യയും നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും അരുൺ കുമാർ ചതുർവേദി പറഞ്ഞു.
ഭിന്നശേഷിക്കാരായ യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ നിരന്തരം ശ്രമിക്കാറുണ്ട്. അതിൽ പാലക്കാട് ഡിവിഷൻ എക്കാലവും മുന്നിലാണ്. ലിഫ്റ്റുകൾ, നിർദ്ദിഷ്ട റാമ്പുകൾ, ആക്സസ് ചെയ്യാവുന്ന ടോയ്ലറ്റുകൾ, വീൽചെയർ സേവനങ്ങൾ തുടങ്ങിയവ അതിന് തെളിവാണ്. ട്രെയിൻ യാത്രാനുഭവം മികച്ചതാക്കാൻ പുതിയ പദ്ധതി സുഗമ്യയ്ക്ക് സാധിക്കും.
പദ്ധതിയുടെ ഭാഗമായി, പാലക്കാട് ഡിവിഷനിലെ 20 പ്രധാന സ്റ്റേഷനുകളിൽ വിന്യസിക്കുന്നതിനായി 24 ലൈറ്റ് വെയിറ്റ് മൊബൈൽ റാമ്പുകളും പ്രത്യേകം രൂപകൽപ്പനചെയ്ത 24 വീൽചെയറുകളും കൈമാറി. പാലക്കാട് ജംഗ്ഷൻ, നിലമ്പൂർ റോഡ്, പൊള്ളാച്ചി ജംഗ്ഷൻ, ഫെറോക്ക്, വടകര, താനൂർ, കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, ഷൊർണൂർ ജംഗ്ഷൻ, ഒറ്റപ്പാലം, കുറ്റിപ്പുറം, പട്ടാമ്പി, മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ, കോഴിക്കോട്, പരപ്പനങ്ങാടി, കണ്ണൂർ, തിരൂർ സ്റ്റേഷനുകളിലാണ് ഇവ വിന്യസിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |