ചിറ്റൂർ: വിഷു കഴിഞ്ഞതോടെ ചിറ്റൂർ മേഖലയിലെ ഗ്രാമങ്ങൾ, പ്രത്യേകിച്ച് നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ മാരിയമ്മൻ ക്ഷേത്രങ്ങൾ പൊങ്കൽ ആഘോഷത്തിന്റെ തിരക്കിലാണ്. മറ്റു പഞ്ചായത്തുകളിലും ചെറിയ രീതിയിലാണെങ്കിലും പൊങ്കൽ ആഘോഷിക്കുന്നുണ്ട് . വിവിധ വാദ്യമേളങ്ങളും ഭക്തിനിർഭരമായ കലാരൂപങ്ങളും മറ്റ് നാടൻ കലകളും അരങ്ങു തകർക്കുന്ന കാഴ്ചകൾ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ചു കാണാൻ കഴിയും. നല്ലേപ്പിള്ളിയിലെ എരട്ടകുളം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കൽ ആഘോഷം ജില്ലയിലെ തന്നെ പ്രധാന ആഘോഷമാണ്. ഇതിന്റെ ഭാഗമായി നടത്തിവരാറുള്ള അങ്ങാടി വേല വീക്ഷിക്കാൻ മാത്രം ആയിരങ്ങളെത്തും. മറ്റു പല ക്ഷേത്രങ്ങളിലും വ്യത്യസ്തമായ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മാരിയമ്മൻ ക്ഷേത്രങ്ങളിൽ പൊങ്കലും അനുബന്ധ ചടങ്ങുകളും നടക്കുന്നത്. ചില പ്രദേശങ്ങളിൽ വ്യാഴാഴ്ചകളിലേക്കും നീണ്ടു നിൽക്കുന്ന വിവിധ ആചാരാനുഷ്ഠാന ചടങ്ങുകളും ഉണ്ടാകും. മാവിളക്ക് എഴുന്നള്ളത്ത്, കുംഭം, പൂവ്വോട് എഴുന്നള്ളത്താണ് മാരിയമ്മൻ പൊങ്കലിനോടനുബന്ധി ച്ചുള്ള മുഖ്യ ചടങ്ങുകൾ. പുലർച്ചെ വെടിക്കെട്ടും ഉണ്ടാകും. വിഷു കഴിഞ്ഞുള്ള ആദ്യ ചൊവ്വാഴ്ച മുതൽ പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ഓരോ പ്രദേശത്തുകാരുടെ സൗകര്യാർത്ഥമാണ് തിയ്യതികൾ നിശ്ചയിക്കുക. പഞ്ചായത്തിൽ ഓരോ വാർഡിലും പ്രദേശങ്ങൾക്ക് അനുസരിച്ച് നാലും അഞ്ചും മാരിയമ്മൻ ക്ഷേത്രങ്ങൾ കാണും. ഇവിടെയെല്ലാം വിഷു കഴിഞ്ഞുള്ള ഏതെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊങ്കൽ ഉത്സവം തീർച്ചയായും ഉണ്ടായിരിക്കും. കാലവർഷം തുടങ്ങുന്നതിനു മുമ്പു തന്നെ പൊങ്കൽ ഉത്സവങ്ങൾക്ക് സമാപ്തിയാകും. മനാംകുറ്റി, അരണ്ടപ്പള്ളം, മേപ്പള്ളം, പാറക്കളം, നല്ലേപ്പിള്ളി ,അപ്പു പിള്ളയൂർ, ശങ്കരച്ചാമ്പാളയം, വാളറ, പട്ടഞ്ചേരി നന്ദിയോട് തുടങ്ങിയ മാരിയമ്മൻ ക്ഷേത്രങ്ങളിലും, പെരുമാട്ടിയിലെ വിവിധ മാരിയമ്മൻ ക്ഷേത്രങ്ങളിലും പൊങ്കൽ ആഘോഷങ്ങൾക്ക് സമാപനമായി. ഇനിയുളള ആഴ്ചകളിലും പൊങ്കൽ ഉത്സവത്തിന്റെ തിരക്കിലായിരിക്കും കിഴക്കൻ മേഖല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |