പാലക്കാട്: മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് നാളെ മുതൽ കൂടുതൽ ബസുകൾ സർവീസ് ആരംഭിക്കും. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്. യാഡ് നവീകരിച്ചത് നഗരസഭയാണ്. എം.പി ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലാംപും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റാൻഡിൽ നിന്ന് നിലവിൽ ഏതാനും ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. നാളെ മുതൽ കോഴിക്കോട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തു നിന്നുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി വേണം സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകാൻ. സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നു പോകുമ്പോഴും മുനിസിപ്പൽ സ്റ്റാൻഡിൽ എത്തണം.
മുനിസിപ്പൽ ബസ് ടെർമിനലിൽ ഒരേസമയം ഒമ്പത് ബസുകൾ നിറുത്തിയിടാനാകും. മറ്റു ബസുകൾ നിറുത്തിയിടാൻ ടെർമിനലിന്റെ മുൻവശത്തെ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇവിടെ ബസുകൾ നിറുത്തിയിട്ട് സമയമാകുമ്പോൾ ട്രാക്കിലേക്ക് കയറ്റിയാൽ മതി. ബസ് സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് ലഘുഭക്ഷണ, ശുചിമുറി സൗകര്യം ഒരുക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. കൂടുതൽ വഴിവിളക്കുകളും സ്റ്റാൻഡിൽ ഇരിപ്പിടവും ഉറപ്പാക്കും.
ഗതാഗത ക്രമീകരണം
ചെർപ്പുളശ്ശേരി, കോങ്ങാട്, മണ്ണാർക്കാട്, കോഴിക്കോട് ബസുകൾ ഗവ.വിക്ടോറിയ കോളജ്-താരേക്കാട് വഴി മുനിസിപ്പൽ സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കണം. തുടർന്ന് ബസുകൾ താരേക്കാട്-ഹെഡ്‌പോസ്റ്റ് ഓഫീസ്-സുൽത്താൻപേട്ട വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തും. പിന്നീട് അവിടെ നിന്നു യാത്ര പുറപ്പെട്ട് മണലി റോഡ് വഴി കൊപ്പം സ്‌കൂൾ-താരേക്കാട് വഴി മുനിസിപ്പൽ സ്റ്റാൻഡിൽ കയറിയിറങ്ങി താരേക്കാട്-ഗവ.വിക്ടോറിയ കോളജ് വഴി പോകണം. നാളെ മുതൽ ഒരു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രീതി നടപ്പാക്കുക. ഇതിനിടെ ശ്രദ്ധയിൽപ്പെടുന്ന ന്യൂനതകൾ പരിഹരിച്ച് ആവശ്യാനുസരണം ക്രമീകരണം നടത്തും. റെയിൽവേ കോളനി, മലമ്പുഴ ഉൾപ്പെടെയുള്ള ടൗൺ ബസുകൾ നിലവിലെ സർവീസ് രീതി തുടരും. ഇവ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തില്ല. യാത്രക്കാർക്ക് ജില്ലാ മൃഗാശുപത്രിക്കു സമീപത്തെത്തി ബസിൽ കയറാം. മുനിസിപ്പൽ സ്റ്റാൻഡിൽ നിലവിൽ വന്നു പോകുന്ന ബസുകളും അതേ രീതി തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |