പാലക്കാട്: സംസ്ഥാനത്ത് നടപ്പാക്കിയ ലോട്ടറി പരിഷ്‌ക്കാരം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ആക്ഷേപം. ഇടതുപക്ഷ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയാണ് ലോട്ടറി വകുപ്പിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കൃത്രിമമായി ലോട്ടറിക്ഷാമം സൃഷ്ടിച്ച് അതിന്റെ മറവിൽ മുഖവില വർദ്ധിപ്പിച്ച നടപടി തൊഴിലാളികളേയും ചെറുകിട ഏജന്റുമാരേയും ദ്രോഹിക്കുന്നതാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ടിക്കറ്റ് ക്ഷാമം പരിഹരിക്കേണ്ടത് അച്ചടി വർദ്ധിപ്പിച്ചുകൊണ്ടാണ് മുഖവില വർദ്ധിപ്പിച്ചുകൊണ്ടല്ല. സംസ്ഥാനത്ത് അരി വിലയ്ക്ക് ക്ഷാമം അനുഭവപ്പെട്ടാൽ വില വർദ്ധിപ്പിച്ചുകൊണ്ടാണോ പ്രതിസന്ധി പരിഹരിക്കുന്നതെന്നും ചോദിച്ചു. കുത്തകകൾക്കും അന്യസംസ്ഥാന ലോബികൾക്കും ടിക്കറ്റ് മറിച്ചുവിൽക്കുന്നതു കാരണമാണ് ചെറുകിട ഏജന്റുമാർക്കും തൊഴിലാളികൾക്കും ടിക്കറ്റ് ലഭിക്കാതായത്. 30 ലക്ഷത്തിലധികം ടിക്കറ്റുകളാണ് അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. ഇത് കണ്ടെത്തി തടയണമെന്നും എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.
കേരളഭാഗ്യക്കുറി കേരളത്തിലെ ജനങ്ങൾക്ക് (അംഗപരിമിതർ, പാവപ്പെട്ടവർ, മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്തവർ, നിത്യരോഗികൾ) വേണ്ടി ആരംഭിച്ചതാണ്. എജന്റുമാർക്ക് നൽകാതിരിക്കുകയും അന്യസംസ്ഥാനത്തുള്ളവർക്ക് വ്യാജരേഖകളുടെ മറവിൽ ഏജൻസിയും ടിക്കറ്റും കൊടുക്കുന്നത് തടയാൻ നടപടി വേണം. ഇത്തരക്കാരുടെ ഏജൻസി തന്നെ റദ്ദ് ചെയ്യണം. 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വർഷങ്ങളോളം 14 ലക്ഷമാണ് അച്ചടിച്ചിരുന്നത്. പെട്ടെന്ന് 12 ലക്ഷം കൂടുതൽ അച്ചടിക്കുകയും ഈ ടിക്കറ്റ് മുഴുവൻ ഉന്നതന്മാർക്കും വൻകിട ഏജന്റുമാർക്കും വീതം വെയ്ക്കുകയുമാണ് ചെയ്തതെന്നും ഇവിടെയും ചെറുകിട ഏജന്റുമാരും തൊഴിലാളികളും വഞ്ചിക്കപ്പെട്ടതായും ആരോപിച്ചു. തത്വത്തിൽ 12 ലക്ഷം ടിക്കറ്റുകൾ കൂടുതൽ വിപണിയിലിറക്കിയിട്ടും ഏജന്റുമാരുടെ 20% ടിക്കറ്റുകൾ വെട്ടിക്കുറക്കുകയായിരുന്നു, നറുക്കെടുപ്പ് രണ്ട് മണിയാക്കിയതും തിരിച്ചടിയായി. ലോട്ടറി വകുപ്പിൽ വൻ അഴിമതിയാണ് നടക്കുന്നത്. ലോട്ടറി ഓഫീസിലും ക്ഷേമനിധി ഓഫീസിലും നടക്കുന്ന ക്രമക്കേടും അഴിമതിയും അന്വേഷിക്കണം. ക്ഷേമനിധി അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കേണ്ട പണം ഒരു ക്ലാർക്കിന്റെ പേരിൽ 7 കോടിയിലധികം രൂപ മാറ്റി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും വേണമെന്നും എ.ഐ.ടി.യു.സി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ലോട്ടറി വകുപ്പിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ മറ്റ് തൊഴിലാളികളുമായി സഹകരിച്ച് യോജിച്ച പ്രക്ഷാഭം നടത്തുമെന്നും ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ സെക്രട്ടറി സി.ബാബു, പ്രസിഡന്റ് എം.ഹരിദാസ്, കെ.സി.ജയപാലൻ, സെന്തിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |