ചിറ്റൂർ: ജനങ്ങളുടെ ചിരകാല സ്വപ്നമായ ചിറ്റൂർ ഗവ. താലൂക്ക് ആസ്ഥാന ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചിറ്റൂരിന്റെ ജനപ്രതിനിധി കൂടിയായ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ആധുനിക സൗകര്യങ്ങളോടെ ഏഴു നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി കിഫ്ബിയിലൂടെ 100 കോടിയിൽപ്പരം രൂപയാണ് ചിലവു ചെയ്തിട്ടുള്ളത്. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള സ്ത്രീകളുടേയും കുട്ടികളുടെയും പ്രത്യേക ബ്ലോക്കിന്റെ ഉദ്ഘാടനം 18 ന് തന്നെ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. 10,159.51 ചതുരശ്ര മീറ്റർ അളവിലുള്ള പുതിയ കെട്ടിടത്തിൽ 220 കിടക്കകളുണ്ട്.
അത്യാഹിത വിഭാഗം, ഇ.എൻ.ടി, ഓർത്തോ പീഡിക്, ഒഫ്ത്താൽ മിക്, ജനറൽ സർജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷൻ തയേറ്ററുകൾ ഉണ്ടാകും. അണുബാധ പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ ശാസ്ത്രീയമായാണ് ഓപ്പറേഷർ തയേറ്ററുകളുടെ സജ്ജീകരണം. ഇവിടേക്കുള്ള ഓക്സിജൻ എത്തിക്കുന്നത് പൈപ്പ് ലൈനിലൂടെയാണ്.
ഐ.സി.യു, ഡയാലിസിസ് യൂണിറ്റ്, സ്‌കാൻ സെന്റർ, ലാബ്, സൂപ്പർ സ്‌പെഷാലിറ്റി ഒ.പി.കൾ തുടങ്ങിയവയും സജ്ജമാണ്.സി.ടി സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, രണ്ട് ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ് എന്നിവയും ഉണ്ട്. എം.ആർ.ഐ സ്‌കാനിംഗും ഉണ്ടാകും. ഒരേ സമയം ആറ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന വിധമാണ് മോർച്ചറിയുടെ സൗകര്യം.
ഏഴുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ട്രോ മൽ ഐ.സി.യു യൂണിറ്റുകൾ, ഓപ്പറേഷൻ തിയറ്റർ, എം.ആർ.ഐ, സി.ടി സ്‌കാൻ, എക്സ് റേ യൂണിറ്റ്, നഴ്സിംഗ് റൂം എന്നിവ പ്രവർത്തിക്കും.
വിവിധ പരിശോധന കേന്ദ്രങ്ങൾ, ഓഫീസുകൾ, ഫാർമസി, ഒ.പി കൗണ്ടർ, കോൺഫറൻസ് ഹാൾ എന്നിവ ഒന്നാം നിലയിലാണ് പ്രവർത്തിക്കുക. ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, വിവിധ വാർഡുകൾ എന്നിവ രണ്ടാം നിലയിലാണ്. ഇ.എൻ.ടി, ശിശുരോഗ വിഭാഗം, കണ്ണ് രോഗവിഭാഗം, വിവിധ വാർഡുകളും മൂന്നാം നിലയിലും വിവിധ ഐ.സി.യു യൂണിറ്റുകൾ, ഓപ്പറേഷൻ വാർഡുകൾ നാലാം നിലയിലും പ്രവർത്തിക്കും.
അനസ്‌ത്യേഷ്യ മുറികൾ, സ്റ്റോർ റൂമുകൾ തുടങ്ങിയവ മുകളിലും അതിനു മുകളിലായി ലോണ്ടറി സർവ്വീസുകളുമാണ് പ്രവർത്തിക്കുക. ആശുപത്രി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ഇന്ന് രാവിലെ 10.30 ന് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.
18 ന് ഉദ്ഘാടനം ചെയ്യുന്ന ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രി കെട്ടിടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |