ആലത്തൂർ: സംസ്ഥാനത്ത് മാർച്ച് 31ന് പ്രവർത്തനം നിറുത്തിയ 220 ക്രഷുകളിൽ 180 എണ്ണം അങ്കണവാടികളിൽ ലയിപ്പിച്ചു. ഇവിടെ ജോലിചെയ്തിരുന്ന പകുതിയോളം അദ്ധ്യാപകരെ പുനർവിന്യസിച്ചു. നിയമനം ലഭിച്ചവർക്ക് നാളിതുവരെയായി ശമ്പളം ലഭിച്ചിട്ടില്ല. നിയമനം കിട്ടാത്തവർ ഉത്തരവിനായുള്ള കാത്തിരിപ്പിലുമാണ്. ശിശുക്ഷേമ സമിതിയുടേയും രാജീവ് ഗാന്ധി ദേശീയ ക്രഷ് പദ്ധതിയുടേയുമായിരുന്നു ക്രഷുകൾ. ഇവിടത്തെ അദ്ധ്യാപകർക്കും ആയമാർക്കും രണ്ടര വർഷമായി പ്രതിഫലവും പോഷകാഹാര ഗ്രാന്റും മുടങ്ങിക്കിടക്കുമ്പോഴാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ക്രഷുകൾ നിറുത്തിയപ്പോൾ സമീപത്തെ അങ്കണവാടികളെ, അങ്കണവാടി കം ക്രഷ് ആക്കുകയായിരുന്നു.
സംസ്ഥാനത്തെ ക്രഷുകൾ 60 ശതമാനം കേന്ദ്ര ഫണ്ടും 30 ശതമാനം സംസ്ഥാന ഫണ്ടും 10 ശതമാനം ശിശുക്ഷേമ സമിതിയുടെ ഫണ്ടും ചേർത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. ജോലിക്കുപോകുന്ന അമ്മമാരുടെ മൂന്നുമാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികളുടെ പകൽ സമയം സംരക്ഷിക്കുന്ന കേന്ദ്രങ്ങളായിരുന്നു അവ. പ്രതിഫലം കിട്ടാതാകുകയും കുട്ടികൾക്കുള്ള പോഷകാഹാരത്തിനുള്ള ചെലവ് സ്വന്തം കൈയ്യിൽ നിന്നെടുത്തുമാണ് വർഷങ്ങളായി അദ്ധ്യാപികരും ആയമാരും ഇവ നടത്തിയിരുന്നത്. പുതുതായി ആരംഭിച്ച അങ്കണവാടി കം ക്രഷുകളിൽ ക്രഷുകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയും അങ്കണവാടിയുടേത് 9.30 മുതൽ 3.30 വരെയുമാണ്. 360 അദ്ധ്യാപകർക്കും ആയമാർക്കുമാണ് ക്രഷുകൾ അടച്ചു പൂട്ടിയപ്പോൾ ജോലി നഷ്ടപ്പെട്ടത്. ഇവരിൽ പകുതിപേർക്ക് തിരികെ നിയമനം ലഭിച്ചില്ല. നിയമനം ലഭിച്ചവർക്ക് ശമ്പളവും കിട്ടിയില്ല. നിയമനം കിട്ടാത്തവർ ഉത്തരവ് കാത്തിരിക്കുന്നു. അദ്ധ്യാപികയ്ക്ക് 8,500 രൂപയും ആയയ്ക്ക് 4,650 രൂപയുമാണ് പ്രതിഫലം. ക്രഷുകളിൽ ഇത് 6,500ഉം 3,250 ആയിരുന്നു. പുനർനിയമനം, ശമ്പള വിതരണം എന്നീ പ്രശ്നങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിക്കാനുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |