പാലക്കാട്: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ മഴക്കെടുതികൾ നേരിടാൻ ആവശ്യത്തിന് ജീവനക്കാരില്ലാതെ നെട്ടോട്ടമോടുകയാണ് കെ.എസ്.ഇ.ബി. അടിസ്ഥാന ജോലികൾ ചെയ്യാനുള്ള മസ്ദൂർ, ലൈൻമാൻ എന്നിവരുടെ നാലായിരത്തോളം ഒഴിവാണ് സംസ്ഥാനത്താകെ നികത്താനുള്ളത്. ഈ മാസം 31ന് വിവിധ തസ്തികകളിലായി 1,005 ജീവനക്കാർ കൂടി കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിക്കും. ഇതോടെ സ്ഥിതി കൂടുതൽ വഷളാകും. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം 21.82 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടം. സെക്ഷൻ ഓഫീസുകളിലേക്കും കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയറിലേക്കുമെത്തുന്ന കോളുകളെടുക്കാൻ പോലും ജീവനക്കാർക്ക് സമയം ലഭിക്കുന്നില്ല. മതിയായ ജീവനക്കാരില്ലാത്തത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് വലിയ വെല്ലുവിളിയാണ്. അടിസ്ഥാന ജോലികൾ ചെയ്യേണ്ട മസ്ദൂർ, ലൈൻമാൻ എന്നിവരുടെ 4044 ഒഴിവാണ് നികത്താനുള്ളത്. സൂപ്പർവൈസിംഗ് ജോലികൾ നടത്തേണ്ട ഓവർസിയർമാരുടെ കുറവ് 1047. ഇതിന് പുറമെ ഈ മാസം 122 ലൈൻമാനും 37 മസ്ദൂർമാരും വിരമിക്കും.
772 സെക്ഷൻ ഓഫീസുകളാണ് കെഎസ്ഇബിക്കുള്ളത്. 12 ലൈൻമാൻ എങ്കിലും വേണം ജോലി സുഗമമായി ചെയ്യണമെങ്കിൽ. പല സെക്ഷൻ ഓഫീസുകളിലും 5 മുതൽ 7 വരെ ലൈൻമാനേ ഉള്ളൂ. കരാർ ജീവനക്കാരെയും കിട്ടാനില്ല. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി വിടവ് നികത്താനുള്ള ശ്രമം നടക്കുന്നതേയുള്ളു. മുകൾ തട്ടിൽ അടിയന്തര തീരുമാനമെടുക്കേണ്ട ഡയറക്ടർമാരെ നിയമിച്ചിട്ടില്ല. ചീഫ് എൻജിനീയർമാർക്ക് താത്കാലിക ചുമതല നൽകിയാണ് മുന്നോട്ട് പോവുന്നത്. ഇത് കാരണം മഴക്കാലത്തേക്ക് മതിയായ ഉപകരണങ്ങൾ സംഭരിക്കാൻപോലും കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |