നെന്മാറ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ വലഞ്ഞ് രോഗികൾ. നെല്ലിയാമ്പതിയിൽ നിന്നുൾപ്പെടെ എത്തുന്ന രോഗികൾ മണിക്കൂറുകൾ കാത്തിരുന്ന് ഡോക്ടറെ കാണേണ്ട സ്ഥിതിയുണ്ട്. നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ റഫറൽ ആശുപത്രി കൂടിയായ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.
ഇവിടെ സൂപ്രണ്ട് ഉൾപ്പെടെ 10 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. മൂന്നുമാസമായി രണ്ട് അസിസ്റ്റന്റ് സർജൻമാരില്ല. ഉന്നത പഠനത്തിനായി രണ്ടു ഡോക്ടർമാർ കൂടി അടുത്തിടെ അവധിയെടുത്തു. കൂടാതെ ഒരു ഡോക്ടറെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ നിലവിൽ അഞ്ചു ഡോക്ടർമാരുടെ കുറവുണ്ട് സി.എച്ച്.സിയിൽ. ശേഷിച്ച അഞ്ച് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറുമുള്ള അത്യാഹിതവിഭാഗത്തിലും ഒ.പിയിലും പരിശോധന നടത്തുന്നത്. ഇവിടെ പ്രതിദിനം 700 ലധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
നിലവിലുള്ള ഡോക്ടർമാരെക്കൊണ്ട് മുഴുവൻ സമയം പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായതോടെ രാത്രികാല പരിശോധന നിറുത്തേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അഞ്ചു ഡോക്ടർമാരിൽ ഒരാൾ രാത്രി ഡ്യൂട്ടി എടുത്താൽ പകൽ നാലുപേരുടെ സേവനമേ പലപ്പോഴും ലഭിക്കുകയുള്ളൂ. ഇവരിൽ ആരെങ്കിലും അവധി എടുക്കുകയോ ഔദ്യോഗിക മീറ്റിംഗുകൾക്കായി പോകേണ്ടി വരികയോ ചെയ്താൽ രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനമായി ചുരുങ്ങും. ഇതുമൂലം പകൽസമയം ഒ.പി.യിൽ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ട്. ഒ.പിയിൽ ഉള്ള ഡോക്ടർമാർ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയും നോക്കേണ്ടതിനാൽ പലപ്പോഴും ഒ.പിയിലുള്ളവർ വളരെയേറെ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഒ.പി.യിലെ ഡോക്ടർമാർക്ക് താങ്ങാവുന്നതിൽ കൂടുതൽ രോഗികളുണ്ട്. പരിശോധനയ്ക്ക് കൂടുതൽ സമയമെടുത്താൽ ഒ.പി ക്യൂവിൽ ഉള്ള രോഗികളുടെ കൂടെയുള്ളവർ വഴക്കിടും. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ആശുപത്രി വികസന സമിതി യോഗം ചേർന്ന് ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
--- സി.ലീലാമണി
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |