പാലക്കാട്: കാലവർഷം ആരംഭിച്ചതോടെ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്ന് ഡി.എം.ഒ(ആരോഗ്യം) അറിയിച്ചു. വീടിനു ചുറ്റും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. എലിശല്യം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുള്ള മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്. അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ നിർബന്ധമായും ഒരു പാക്കറ്റ് ഒ.ആർ.എസ് വീട്ടിൽ കരുതണം.
ഡെങ്കിപ്പനി
ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. പെട്ടെന്നുള്ള കനത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്ത് അങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാനും സാധ്യതയുണ്ട്.
ചിക്കുൻ ഗുനിയ
ആൽഫാ വൈറസാണ് ചിക്കുൻഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, ത്വക്കിൽ ഉണ്ടാകുന്ന പാടുകൾ, സന്ധി വേദന, പ്രത്യേകിച്ചും കൈകാലുകളിലെ മുട്ടുകളുടെ വേദന, നടുവേദന, തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
മലമ്പനി
അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ പനി, വിറയലും കുളിരും, അസഹ്യമായ ശരീരവേദനയും തലവേദനയും, ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്ത് വരുന്നവർക്ക് പനി വന്നാൽ നിർബന്ധമായും ആശുപത്രിയിൽ എത്തി രക്ത പരിശോധന നടത്തി മലമ്പനിയല്ല എന്നുറപ്പ് വരുത്തണം. എല്ലാ സർക്കാർ ആശുപത്രിയിലും മലമ്പനിക്കുള്ള പരിശോധനയും ചികിത്സയും സൗജന്യമാണ്.
എലിപ്പനി
തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണതകളിലേക്കും മരണത്തിലേക്കും പോകാൻ സാധ്യതയുള്ള രോഗമാണ് എലിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്ജ്യം മുതലായവ കലർന്നാണ് എലിപ്പനി പടരുന്നത്. ആയതിനാൽ കാലിൽ മുറിവ്, വിണ്ടുകീറിയ കാൽപ്പാദങ്ങൾ എന്നിവ ഉള്ളവർ മലിനജലവുമായി നേരിട്ട് സമ്പർക്കം ഇല്ലെന്ന് ഉറപ്പാക്കണം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാൽവണ്ണയിലെ പേശി വേദന കണ്ണിന് മഞ്ഞനിറം/ചുവപ്പ് നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |