വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പതയിലെ വടക്കഞ്ചേരി മംഗലം പാലവും കുത്തിപൊളിച്ചു. പാലക്കാട് ഭാഗത്തേക്കു പോകുന്ന പാലത്തിന്റെ ഭാഗങ്ങളാണ് പൊളിച്ച് പുതിയ കമ്പികൾപാകി ബലപ്പെടുത്തി നിർമ്മാണം നടത്തുന്നത്. ഗതാഗതം പൂർണമായും തടഞ്ഞാണ് നിർമ്മാണം. മംഗലം പാലത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിദഗ്ദ്ധ സമിതി പരിശോധന വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പാലത്തിന്റെ തൃശൂർ ദിശയിലേക്കുള്ള ഭാഗം എൺപതിലധികം തവണ കുത്തിപ്പൊളിച്ചു. ഇപ്പോൾ ഒരാഴ്ച്ചയിലധികമായി മേൽപ്പാലം പൊളിച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങാൻ തുടങ്ങിയതോടെയാണ് രണ്ട് ജോയിന്റുകൾ ചേരുന്ന ഭാഗത്തെ ടാറിംഗ് കുത്തിപ്പൊളിച്ച് പുതിയ കമ്പികൾ പാകി ബലപ്പെടുത്താൻ ശ്രമം നടക്കുന്നത്. വിദഗ്‌ദ്ധ തൊഴിലാളികൾ ഇല്ലാതെയാണു മേൽപാലം നിർമ്മാണം നടത്തിയതെന്ന ആക്ഷേപവും ശക്തമാണ്. കുതിരാൻ തുരങ്കവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളിലും ജോയിന്റുകളും കുത്തിപ്പൊളിക്കുന്നത് നിത്യസംഭവമായത് മേൽപാലങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്നു.
പൊളിച്ചു ബലപ്പെടുത്തുന്നത് നാലിടത്ത്
വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ മംഗലം പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മംഗലംപാലം നാലിടത്താണ് പൊളിച്ചു ബലപ്പെടുത്തുന്നത്. ബലക്ഷയത്തെ തുടർന്നാണ് പാലത്തിന്റെ ജോയിന്റുകളുടെ ഭാഗം പൊളിച്ചിരിക്കുന്നതെന്നാണു സംശയിക്കേണ്ടത്. പാലത്തിന്റെ 4 ഭാഗങ്ങൾ ഗതാഗതം തടഞ്ഞ് കുത്തിപൊളിച്ച് നിർമ്മാണം നടത്തുന്നതിന് മുൻപ് ബലക്ഷയം സംബന്ധിച്ചു വിദഗ്‌ദ്ധ സമിതി പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രവർത്തികൾ സംശയകരമാണെന്ന് ജനകീയ വേദി
സംസ്ഥാനത്തുടനീളം ദേശീയ പാതയിൽ നിർമ്മാണ അപാകതകൾ നടക്കുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മംഗലം പാലം കുത്തിപൊളിച്ചു നടത്തുന്ന പ്രവർത്തികൾ സംശയകരമാണെന്ന് ജനകീയ വേദി പ്രവർത്തകർ ആരോപിച്ചു. സാധാരണ ചെയ്യാറുള്ള അറ്റകുറ്റപ്പണികളാണു നടത്തുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത് വിശ്വാസത്തിലെടുക്കാൻ കഴിയില്ല. ഇത് കൂടാതെ മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയിലെ വടക്കഞ്ചേരി മേൽപാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും നിലനിൽ ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |