നെന്മാറ: മലയോര മേഖലകളിൽ മഴക്കാല ടാപ്പിംഗിനായി റബ്ബർ മരത്തിന് മഴമറയിടുന്ന ജോലികൾ അതിവേഗം പുരോഗമിക്കവേ ആശങ്കയായി രോഗബാധ. ഇലകൊഴിച്ചിൽ, ചീക്ക്, പട്ടചീയൽ തുടങ്ങിയവ രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്നാണ് റബ്ബർ ബോർഡിന്റെ മുന്നറിയിപ്പ്. ഇലകൊഴിച്ചിൽ ബാധിച്ചാൽ 40 ശതമാനം വരെയും ചീക്ക്, പട്ടചീയൽ എന്നിവ ബാധിച്ചാൽ 30 ശതമാനം വരെയും ഉത്പാദനം കുറയാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് മഴമറയിടുന്നതിനൊപ്പം രോഗപ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്ന് റബ്ബർ ബോർഡ് നിർദേശം നൽകി. മഴമറയിടാനും ഇലകൊഴിച്ചിലിന് മരുന്ന് സ്‌പ്രേ ചെയ്യാനും റബ്ബർ ബോർഡ് ഹെക്ടറിന് 4,000 രൂപ സഹായം നൽകുന്നുണ്ടെങ്കിലും പരിമിതമാണ്. സംസ്ഥാനത്ത് മഴമറയിടാൻ 30,000 ഹെക്ടറിനും മരുന്ന് സ്‌പ്രേ ചെയ്യാൻ 10,000 ഹെക്ടറിനും മാത്രമാണ് സഹായം.
പ്രതിരോധിക്കാം
ഇലകൊഴിച്ചിൽ തടയാൻ ഹെക്ടറിന് എട്ട് കിലോഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് 40 ലിറ്റർ സ്‌പ്രേ ഓയിലിൽ കലർത്തി മൈക്രോൺ സ്‌പ്രേയർ ഉപയോഗിച്ച് അടിക്കണം. മരത്തിന്റെ കവരഭാഗത്ത് ചിലന്തിവല പോലെയുള്ള പൂപ്പൽ കാണുന്നതാണ് ചീക്ക് രോഗത്തിന്റെ ലക്ഷണം. തിറം എന്ന മരുന്ന് റബ്ബർകോട്ടിൽ ചേർത്ത് ലക്ഷണം കണ്ട ഭാഗത്ത് പുരട്ടണം. ചീക്ക് തടഞ്ഞില്ലെങ്കിൽ രോഗം വന്ന ഭാഗം പൊട്ടി റബ്ബർപാൽ പുറത്തേക്കൊഴുകുകയും മരം ഉണങ്ങി നശിക്കുകയും ചെയ്യും. പട്ടചീയൽ പ്രതിരോധിക്കാൻ ഇൻഡോഫിൽ എം-45 എന്ന മരുന്ന് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വെട്ടുചാലിൽ 10 ദിവത്തിലൊരിക്കൽ പുരട്ടി കൊടുക്കണം.
കർഷകരുടെ കീശ കാലിയാകും
ഇലകൊഴിച്ചിലിന് മരുന്ന സ്‌പ്രേ ചെയ്യാൻ വലിയ തുക വേണ്ടിവരുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. ഒരു ഹെക്ടറിൽ മരുന്ന് സ്‌പ്രേ ചെയ്യാൻ ചുരുങ്ങിയത് 15,000 രൂപ വേണ്ടിവരുമെന്ന് ഇളവംപാടം റബ്ബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. മറ്റു രോഗപ്രതിരോധങ്ങൾക്കുള്ള ചെലവ് വേറെയും വരും. സഹായം വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ടു വർഷംമുൻപ് മരുന്ന് തളിക്കാൻ ഹെക്ടറിന് 7,500 രൂപ നൽകിയിരുന്നതാണ് 4,000 രൂപയായി ചുരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |