പാലക്കാട്: വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന സ്ത്രീ കൂട്ടായ്മയുടെ 'ലഞ്ച് ബോക്സ് " പ്രവർത്തനം പാലക്കാട് ആരംഭിച്ചു. വിദ്യാർത്ഥിനികളും കുടുംബിനികളും അംഗങ്ങളായ ഐ.എൻ.എയും (അയാം നോട്ട് എലോൺ അസോസിയേഷൻ), ടി.ഡബ്ല്യുയു.സി.എയും (ടുഗതർ വി ക്യാൻ അസോസിയേഷൻ) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ നഗരത്തിലെത്തുന്ന ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതാണ് പദ്ധതി. ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിന് വഴിയില്ലാത്ത ആളുകൾക്ക് ഇത് പ്രയോജനപ്പെടുത്തും.
നഗരപരിധിയിൽ പത്തിടങ്ങളിലായാണ് ലഞ്ച് ബോക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. മുനിസിപ്പൽ സ്റ്റാന്റ്, സ്റ്റേഡിയം സ്റ്റാന്റ്, നഗരസഭാ ഓഫീസ് പരിസരം എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലാണ് ബോക്സുകൾ. ദിവസവും ഉച്ചയ്ക്ക് ഓരോ ബോക്സിലും 30 പൊതിച്ചോറുകൾ വയ്ക്കും. ആവശ്യക്കാർക്ക് ഇതെടുക്കാം. 300 പൊതിച്ചോറുകൾ ഇതുവഴി നൽകും. ലോക്ക് ഡൗണിന് ശേഷവും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എറണാകുളത്ത് പത്തും തൃശൂരിൽ 18ഉം ബോക്സുകൾ കൂട്ടായ്മ സ്ഥാപിച്ചിരുന്നു. ഇത് വിജയമായതോടെയാണ് പദ്ധതി പാലക്കാടും തുടങ്ങിയത്.
ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ 8129318445, 9846547504 എന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഒരു പൊതിച്ചോറിന് 30 രൂപ പ്രകാരം അസോസിയേഷൻ അക്കൗണ്ടിൽ തുക നിക്ഷേപിച്ചാൽ മതി. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണം തയ്യാറാക്കി ബോക്സിൽ നിക്ഷേപിക്കും.
-ഷീന ശിവദാസ്, ഐ.എൻ.എ ജില്ലാ പ്രസിഡന്റ്, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |