പാലക്കാട്: ക്രിസ്മസിനെ വരവേൽക്കാൻ ലോകമൊരുങ്ങുമ്പോൾ വിപണിയും അതിനൊപ്പം കുതിക്കുകയാണ്. ഡിസംബർ ആദ്യവാരത്തോടെ തന്നെ നഗരത്തിൽ ജി.ബി.റോഡ്, കോർട്ട് റോഡ്, മേട്ടുപ്പാളയം സ്ട്രീറ്റ്, സുൽത്താൻപേട്ട - സ്റ്റേഡിയം സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലെ കടകളിൽ ക്രിസ്മസ് വിപണിക്കായി സാധനങ്ങൾ എത്തിയിരുന്നു. നക്ഷത്രങ്ങളിലെ വൈവിധ്യം തന്നെയാണ് പ്രധാന ആകർഷണം. വിവിധ ഡിസൈനിലും വലിപ്പത്തിലും ആകർഷകമായ നക്ഷത്രങ്ങൾക്ക് 30 രൂപ മുതൽ 1200 രൂപ വരെയാണ് വില. കടലാസ് നക്ഷത്രങ്ങൾ രണ്ടോ മൂന്നോ വർഷം വരെ ഉപയോഗിക്കാൻ കഴിയില്ലെന്ന് പരാതിപ്പെടുന്നവർക്കായി എൽ.ഇ.ഡി നക്ഷത്രങ്ങളുമുണ്ട്. 120 മുതൽ 600 രൂപ വരെയാണ് വില.
ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പി 40 രൂപ മുതലും മുഖംമൂടി 80 രൂപ മുതലും ലഭ്യമാണ്. കരോളിനൊരുങ്ങാനുള്ള വേഷത്തിന് 350 മുതൽ 1500 രൂപ വരെയാണ് വില. മിനിയേച്ചർ ലൈറ്റുകൾ 100 മുതൽ 400 വരെ വിലയിൽ കിട്ടും. ഒരടി മുതൽ എട്ടടി വരെ ഉയരത്തിൽ ക്രിസ്മസ് മരവും അലങ്കാരങ്ങളും കച്ചവടത്തിനുണ്ട്. വലുപ്പമനുസരിച്ച് 400 മുതൽ 4000 വരെയാണ് വില വരുന്നത്. മുള കൊണ്ടുള്ള പുൽക്കൂട് 300 രൂപ മുതൽ വിപണിയിലുണ്ട്. പുൽക്കൂട്ടിൽ വെക്കുന്ന രൂപങ്ങളും അലങ്കാരത്തിനായി മുപ്പതോളം ഐറ്റങ്ങളുമുണ്ട്. ക്രിസ്മസ് അടുക്കുന്തോറും കച്ചവടം കൂടുതൽ തകൃതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വിപണിയിലും ഗോളടിച്ച് താരങ്ങൾ
ഫുട്ബാൾ താരങ്ങൾ മുതൽ ഹിറ്റ് സിനിമകൾ വരെയുണ്ട് ഇത്തവണത്തെ ക്രിസ്മസ് വിപണിയിൽ. മെസി, നെയ്മർ, ക്രിസ്റ്റ്യനോ റൊണാൾഡോ മുതൽ മിന്നൽ മുരളി, കടുവ, ജയ ഹേ തുടങ്ങിയ സിനിമാ പേരുകൾ വരെ ഒരു നീണ്ട ലിസ്റ്റുണ്ട്.
മെസി, നെയ്മർ, റൊണാൾഡോ നക്ഷത്രങ്ങൾക്കാണ് ഫുട്ബാൾ പ്രേമികൾക്കിടയിൽ ഡിമാൻഡ്. നക്ഷത്രങ്ങളിൽ താരങ്ങളുടെ ചിത്രങ്ങൾ തെളിയുമെന്നതാണ് പ്രത്യേകത. 300 രൂപ മുതലാണ് ഇത്തരം നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്.
മധുരം പകരാൻ പ്ലം കേക്കും
ക്രിസ്മസ് വിപണിയിലെ സൂപ്പർതാരങ്ങൾ എപ്പോഴും പ്ലം കേക്കുകളാണ്. കിലോയ്ക്ക് 450 മുതൽ 1200 രൂപ വരെയാണ് വിവിധ ബ്രാൻഡ് കേക്കുകളുടെ വില. ഒരുവർഷം മുമ്പ് പഴങ്ങൾ പഞ്ചസാരയിൽ വരട്ടി സൂക്ഷിച്ച് പിറ്റേ വർഷം മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മെച്വർ പ്ലം കേക്കിനാണ് ഇത്തവണയും ആവശ്യക്കാരേറെ. ഒപ്പം സാധാരണ പ്ലം കേക്ക്, റിച്ച് പ്ലം, ഡേറ്റ്സ് പ്ലം, ഗീ കേക്ക്, മാർബിൾ കേക്ക്, മോക്ക, ഐസിംഗ് കേക്ക്, ജാക്ഫ്രൂട്ട് കേക്ക് എന്നിവയെല്ലാം ബേക്കറികളിൽ നിരന്നിട്ടുണ്ട്. ഇതിന് പുറമേ വീട്ടമ്മമാരുടെ ഹോം മെയ്ഡ് പ്ലം, ക്രീം കേക്കുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |