പത്തനംതിട്ട : ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ കോട്ട, വല്ലന എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമെന്ന് പരാതി. പമ്പാ ഇറിഗേഷന്റെ കനാൽ പാലവും ഒരു ഹോട്ടലും കേന്ദ്രീകരിച്ചാണ് വിൽപന. കോട്ട ജംഗ്ഷനിലെ ഒരു ഹോട്ടലിൽ പൊതിച്ചോറിനുള്ളിലാക്കി കഞ്ചാവ് വിൽക്കുന്നതായി വിവരമുണ്ട് . കഞ്ചാവ് വിൽപ്പനയ്ക്ക് മുൻപ് നിരവധി തവണ പിടിയിലാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണ് ഹോട്ടൽ ഉടമ. ഇവിടെ നിന്ന് പൊതിച്ചോറ് വാങ്ങാൻ ജില്ലയ്ക്ക് പുറമെ ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും യുവാക്കൾ എത്തിയതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. തുടർന്ന് ഇവിടെ നിന്ന് പൊതിച്ചോറുമായി പോയ യുവാവിനെ നാട്ടുകാരിൽ ചിലർ തടഞ്ഞു നിറുത്തി പരിശോധിച്ചതോടെ കഞ്ചാവ് വിൽപ്പനയുടെ രഹസ്യം പുറത്തായി. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും പരിശോധന നടത്താൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ലഹരിയുടെ ഇടനാഴിയായി പി.ഐ.പി കനാൽ
വർഷങ്ങളായി വൃത്തിയാക്കാത്തതുമൂലം കാടും പടലുകളും വളർന്നു നിൽക്കുന്ന പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ കനാലും അക്കുഡേറ്റും കേന്ദ്രീകരിച്ചാണ് യുവാക്കളുടെ സംഘം ലഹരി വിൽപ്പനയും ഉപയോഗവും നടത്തുന്നത്. കോട്ട മയ്യാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയിലും വല്ലന, കാവുംപടി , മണപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും യുവക്കൾ ലഹരി ഉപയോഗത്തിനായി എത്തുന്ന ഇടങ്ങളാണ്. ഇതുമൂലം കനാൽ റോഡിലൂടെയുള്ള യാത്രപോലും സ്ത്രീകളും കുട്ടികളും ഉപേക്ഷിച്ചിരിക്കുകയാണ്.
പൊലീസ് , എക്സൈസ് നിരീക്ഷണമില്ല
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ കോട്ട, വല്ലന പ്രദേശങ്ങൾ ഇടയാറന്മുള, ഇലവുംതിട്ട, ചെങ്ങന്നൂർ എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമാണ്. ഇവിടെ പൊലീസിന്റെയോ എക്സൈസിന്റെയോ നിരീക്ഷണം വേണ്ടത്ര രീതിയിൽ ഉണ്ടാകുന്നില്ല. ഇതാണ് ഇവിടം കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാകാൻ കാരണമെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |