പത്തനംതിട്ട : കാപ്പാക്കേസ് പ്രതി സി.പി.എമ്മിൽ ചേർന്നതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുൻപ്, പ്രതിക്കൊപ്പം സ്വീകരിച്ച യുവാവിനെ കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റു ചെയ്തത് പാർട്ടിയെ വീണ്ടും കുരുക്കിലാക്കി. മൈലാടുപാറ സ്വദേശി യദുകൃഷ്ണനെയാണ് കഴിഞ്ഞദിവസം രണ്ടു ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കാപ്പാക്കേസ് പ്രതി ശരൺചന്ദ്രനൊപ്പം യദുവിനെയും മന്ത്രി വീണാജോർജിന്റെ സാന്നിദ്ധ്യത്തിൽ ചുവപ്പുമാലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. കാപ്പാ കേസ് പ്രതിയ്ക്കൊപ്പം നിന്ന് മന്ത്രി വീണാജോർജ് മുദ്രാവാക്യം വിളിക്കുന്ന ചിത്രം വ്യാപകമായി പ്രചരിക്കുകയും പാർട്ടി പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ യദുകൃഷ്ണനെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവന്നത്. മലയാലപ്പുഴയിലെ സി.പി.എമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീയതയാണ് കാപ്പാ, കഞ്ചാവ് കേസ് പ്രതികൾ പാർട്ടിക്കൊപ്പം ചേർന്നത് വിവാദമാകാൻ കാരണം. മലയാലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ എതിർക്കുന്ന ശക്തമായ ഒരു വിഭാഗം പാർട്ടിയിലുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ കയ്യാങ്കളിയിലും വീടാക്രമണത്തിലും എത്തിയിരുന്നു. ലോക്കൽ സെക്രട്ടറിയുടെ എതിർവിഭാഗമാണ് ക്രിമിനൽ, കഞ്ചാവ് കേസ് പ്രതികളെ പാർട്ടിയിലേക്ക് സ്വീകരിച്ചതിനെ വിവാദമാക്കിയത്. ക്രിമിനലുകൾ പാർട്ടിയിൽ നുഴഞ്ഞു കയറുന്നതിനെതിരെ നേതൃത്വം തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് കാപ്പാക്കേസ് പ്രതി പാർട്ടിയിലെത്തിയത്. ഇയാൾക്കെതിരെ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന പാർട്ടി വിശദീകരണം പൊളിക്കുന്നതാണ് പൊലീസ് റിപ്പോർട്ട്. സ്ത്രീകളെ ആക്രമിച്ചത് അടക്കമുള്ള കേസുകൾ പ്രതിയാണ് കാപ്പായിൽ ഉൾപ്പെട്ട ശരൺ. ഇയാൾക്കൊപ്പം പാർട്ടിയിലേക്ക് വന്നയാളാണ് യദുകൃഷ്ണൻ. യദുവിനെതിരെ നേരെത്തേയും കഞ്ചാവ് കേസുണ്ടെന്ന് പറഞ്ഞ എക്സൈസ് വിശദ വിവരം പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |