പത്തനംതിട്ട : ഓണമടുക്കാറായതോടെ വ്യാജ ഉല്പന്നങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി. പക്ഷേ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജീവനക്കാരില്ല. ജില്ലയിലെ സർക്കിളുകളിൽ ഓരോ ജീവനക്കാരാണുള്ളത്. ഒരാൾ മാത്രം ഇറങ്ങിയാൽ എല്ലാ കടകളിലും പരിശോധന നടത്തി തീരില്ല. തിരുവല്ല, മല്ളപ്പള്ളി, അടൂർ സർക്കിളിൽ നിരവധി കടകളുള്ളതിനാൽ എല്ലായിടത്തും ഒരുപോലെ എത്താൻ സാധിക്കുന്നില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഇത്തരത്തിൽ ജീവനക്കാരില്ലാതെയായിട്ട് വർഷങ്ങളായി . കൂടുതൽ പേരെ ജോലിയ്ക്കെടുക്കാൻ പല തവണ ജീവനക്കാർ പരാതിപ്പെട്ടിട്ടും നടപടിയില്ല. ശബരിമല മണ്ഡലകാലത്തും മറ്റ് ആഘോഷങ്ങളിലുമാണ് പരിശോധന കൂടുതലായി നടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലടക്കം തനിയെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ നിരവധിയുണ്ട്. ജില്ലയിൽ മൂന്ന് വനിതാ ജീവനക്കാരും രണ്ട് പുരുഷൻമാരുമാണ് ഫുഡ് സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്നത്. എല്ലാ തവണയും ഓണത്തിന് മുമ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്താറുണ്ട്. ഇത്തവണ ഇത് സംബന്ധിച്ച നിർദേശങ്ങളൊന്നും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും പരിശോധന വേഗം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.
ആകെ 5 സർക്കിളുകൾ
ആറൻമുള, റാന്നി, കോന്നി, തിരുവല്ല, അടൂർ സർക്കിളുകളാണ് ജില്ലയിലുള്ളത്. അസി. കമ്മിഷണർ, ഒരു ഓഫീസ് അറ്റൻഡന്റ്, അഞ്ച് ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിങ്ങനെയാണ് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |