വള്ളിക്കോട് : വള്ളിക്കോട് പാടശേഖരങ്ങളിൽ പൊന്നുവിളയിക്കാൻ കർഷകർ വിതയൊരുക്കം തുടങ്ങി. പ്രതികൂല കാലാവസ്ഥകളെ അവഗണിച്ച് ഇത്തവണ വേട്ടക്കുളം പാടശേഖരത്തിലാണ് ആദ്യ നെൽവിത്തെറിഞ്ഞത്. മുൻ വർഷങ്ങളിൽ രണ്ട് തവണ കൃഷിയിറക്കിയിരുന്ന പാടശേഖരമാണിത്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളും മൂലം ഒറ്റത്തവണയായി ചുരുങ്ങി. വേട്ടക്കുളത്തെ 30 ഹെക്ടർ പാടശേഖരത്തിൽ 90 കർഷകരാണ് കൃഷി ചെയ്യുന്നത്. മുൻ വർഷങ്ങളിൽ കാലം തെറ്റിയെത്തിയ മഴയും കത്തിയെരിഞ്ഞ വേനലും പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു. പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയെങ്കിലും മകര കൊയ്ത്തിനും മുണ്ടകൻ കൃഷിക്കും നല്ല വിളവ് ലഭിച്ചിരുന്നു.
ജില്ലയുടെ നെല്ലറ
അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന 9 വലിയ പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ ഏലാ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.ഇതിൽ നാനൂറ് ഏക്കർ സ്ഥലത്താണ് ഇത്തവണ ആദ്യകൃഷി ഇറക്കാൻ ഉദ്ദേശിക്കുന്നത്. സപ്‌ളൈക്കോയുടെ പ്രധാന നെല്ല് ശേഖരണ സ്ഥലം കൂടിയാണ് ഇവിടം.
വള്ളിക്കോട് പഞ്ചായത്തിലെ പാടങ്ങൾ
വിസ്തൃതി : അഞ്ഞൂറ് ഹെക്ടർ
പ്രധാന പാടശേഖരങ്ങൾ : 9
കർഷകരുടെ ആകെ എണ്ണം : 210
കഴിഞ്ഞ മുണ്ടകൻ കൃഷിക്ക് ലഭിച്ചത് : 410 ടൺ നെല്ല്.
കഴിഞ്ഞ മകര കൃഷിക്ക് ലഭിച്ചത് : 480 ടൺ നെല്ല്
സപ്‌ളൈക്കോ സംഭരിച്ചത് : 400 ടൺ നെല്ല് വീതം
(ബാക്കി നെല്ല് കർഷകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക്)
നെൽക്കൃഷി പ്രോത്സാഹനത്തിനായി ഗ്രാമപഞ്ചായത്ത് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹകകരണത്തോടെ അത്യുൽപാദന ശേഷിയുള്ള നെൽ വിത്തുകളാണ് വിതയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളാണ് പ്രതിസന്ധി. കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷകർക്ക് അർഹമായ ആനുകൂല്യങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.
ആർ.മോഹനൻ നായർ
(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |