തിരുവല്ല : കോടികൾ മുടക്കി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ തിരുവല്ലയ്ക്ക് അഭിമാനമാണെങ്കിലും ബസ് കയറാൻ ചെളിവെള്ളത്തിൽ ചവിട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. ബസ് സ്റ്റേഷനിലെ കുഴികളും വെള്ളക്കെട്ടുമാണ് യാത്രക്കാർക്ക് കെണിയാകുന്നത്. ആധുനികരീതിയിൽ നിർമ്മിച്ച തലയെടുപ്പുള്ള കെട്ടിടത്തിന് താഴെ മഴവെള്ളവും മാലിന്യവും കെ.എസ്.ആർ.ടി.സിക്കും കെട്ടിടം നിർമ്മിച്ച കെ.ടി.ഡി.എഫ്.സിക്കും വലിയ തലവേദനയായിരിക്കുകയാണ്. എം.സി റോഡിലൂടെ ഉള്ളത് ഉൾപ്പെടെ 300 ൽ അധികം ബസുകൾ ദിവസവും കയറിയിറങ്ങി പോകുന്ന ബസ് സ്റ്റേഷനാണിത്. മഴവെള്ളം സ്റ്റേഷൻ യാർഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും കടയുടമകൾക്കും ബുദ്ധിമുട്ടായിരിക്കുന്നു. ബസുകൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിച്ചു വീഴുന്നത് വാക്കുതർക്കങ്ങൾക്കും കാരണമാകുന്നു.
ഇന്റർലോക്ക് കട്ടകൾ പുന:സ്ഥാപിക്കണം
ബസ് സ്റ്റേഷൻ യാർഡിലെ കോൺക്രീറ്റിന് മുകളിൽ നിരത്തിയിട്ടുള്ള ഇന്റർലോക്ക് കട്ടകൾ ഇളകിക്കിടക്കുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ പ്രധാന കാരണം. വർഷങ്ങൾക്ക് മുമ്പും ഇതേപ്രശ്‌നം ഉണ്ടായിരുന്നു. അന്ന് ഇന്റർ ലോക്ക് കട്ടകൾ ഇളക്കി സ്ഥാപിച്ചതോടെ വെള്ളക്കെട്ടിന് പരിഹാരമായി. വെള്ളം ഒഴുകി മാറാൻ സൗകര്യമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.
കഴിഞ്ഞ കുറെ മാസങ്ങളായി മഴ പെയ്ത്താൽ വെള്ളക്കെട്ടി നിൽക്കും. ഇന്റർലോക്ക് കട്ടകൾ ഇളകി മാറിയതുമൂലം ഉണ്ടായ കുഴികളും വെള്ളക്കെട്ടും പരിഹരിക്കാൻ അധികൃതരും ശ്രമിക്കുന്നില്ല. ബസുകൾ കുഴികളിൽ ചാടി യാത്രക്കാരുടെ നടുവൊടിക്കുന്ന സ്ഥിതിയാണ്.
സ്റ്റേഷനിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിന്റെ ഉടമകളായ കെ.ടി.ഡി.എഫ്.സി അധികൃതർക്ക് മൂന്നുതവണ കത്ത് നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല
(കെ.എസ് ആർ.ടി.സി അധികൃതർ)
ബസ് ടെർമിനൽ കം ഷോപ്പിംഗ് മാൾ
പദ്ധതി ചെലവ് : 41.38 കോടി രൂപ
കെട്ടിടത്തിന്റെ നിലകൾ : 12
ആകെ വിസ്തീർണ്ണം : 200,000 ചതുരശ്ര അടി
ബസ് ബേകൾ : 16
താഴത്തെ നിലയിൽ : കെ.എസ്.ആർ.ടി.സി ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ മുറി, ക്ലോക്ക് റൂം, കാന്റീനും ഏതാനും കടകളും.
മുകൾ നിലകളിൽ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, പത്രം ഒാഫീസ്, റെസിഡൻസി, മൾട്ടി പ്ളക്സ് സൗകരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |