പത്തനംതിട്ട : മണ്ഡല -മകരവിളക്ക് കാലത്ത് തീർത്ഥാടകർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ വിശാലമായ പന്തലൊരുക്കും. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 2000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പന്തൽ നിർമ്മിക്കുക. ഇത് ഫലപ്രദമെന്ന് കണ്ടാൽ കൂടുതൽ പന്തൽ നിർമ്മിക്കാനും ആലോചനയുണ്ട്.
2018ലെ പ്രളയത്തിൽ പമ്പയിലെ നടപ്പന്തലുകളും വിശ്രമിക്കാനായി നിർമ്മിച്ച വിശാലമായ കെട്ടിടവും ഒലിച്ചുപോയിരുന്നു. കഴിഞ്ഞ വർഷം പമ്പയിൽ മൂന്ന് പന്തലുകൾ സ്ഥിരമായി നിർമ്മിച്ചെങ്കിലും ഇത് തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് പര്യാപ്തമായിരുന്നില്ല. ഇക്കുറി മൂന്നെണ്ണം കൂടി നിർമ്മിച്ചിട്ടുണ്ട്. പമ്പാഗണപതി ക്ഷേത്രത്തിലേക്ക് കയറുന്ന പടിക്കെട്ട് മുതൽ ത്രിവേണി പാലത്തിന് സമീപം രാമമൂർത്തി മണ്ഡപം വരെയുള്ള ഭാഗംവരെ നടപ്പന്തൽ ഒരുക്കും.
പ്രളയത്തിന് ശേഷം പമ്പയിലെ വാഹന പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ തീർത്ഥാടകരുടെ എണ്ണം കൂടിയത്. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന് മുൻഭാഗത്ത് വലിയ നടപ്പന്തലുണ്ടെങ്കിലും തിരക്ക് കൂടുന്ന അവസരങ്ങളിൽ ഇത് അപര്യാപ്തമായി മാറും. ശബരിമലയിലും പമ്പയിലും തിരക്ക് കൂടുന്ന ഘട്ടങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിച്ച് നിറുത്തുന്നത് നിലയ്ക്കലിലാണ്.
ഇക്കുറി 10000ൽ അധികം വാഹനങ്ങൾക്കാണ് നിലയ്ക്കലിൽ പാർക്കിംഗിന് ക്രമീകരണമുള്ളത്. ഇവിടെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും വിശ്രമിക്കാൻ മതിയായ സംവിധാനം ഒരുക്കാത്തത് ഈ തീർത്ഥാടന കാലയളവിൽ ദേവസ്വം ബോർഡിന് തലവേദനയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |