പ്രമാടം : അകാലത്തിൽ പൊലിഞ്ഞ നവദമ്പതികളായ നിഖിലിനും അനുവിനും ഒപ്പം ഇവർ രണ്ടുപേരുടെയും അച്ഛൻമാരായ മത്തായി ഈപ്പൻ , ബിജു പി. ജോർജ്ജ് എന്നിവർക്കും യാത്രാമൊഴിയേകാൻ നിരവധി ആളുകൾ ഇന്നലെ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് എത്തി. ഉറ്റവരുടെയും ഉടയവരുടെയും തീരാനൊമ്പരം നാട് ഒന്നടങ്കം ഏറ്റെടുത്തത്തോടെ പ്രമാടം ഗ്രാമം ഇന്നലെ സങ്കടക്കടലായി മാറി. ഇടത്തിട്ടയിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ പുലർച്ചെയോടെ വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. പ്രാർത്ഥനകൾക്കുശേഷം കുടുംബാംഗങ്ങൾ അന്ത്യചുംബനം നൽകി. ഭവനങ്ങളിലെ യാത്രയയപ്പ് ചടങ്ങ് ഹൃദയഭേദകമായിരുന്നു. ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കായില്ല. ഇത് കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. മൃതദേഹങ്ങൾ കണ്ട് അലമുറയിട്ട് കരഞ്ഞ നിഖിലിന്റെഅമ്മ സാലി, അനുവിന്റെ അമ്മ നിഷ, സഹോദരൻ ആരോൺ എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പാടുപെട്ടു. ഇവർ ഇടയ്ക്ക് ബോധരഹിതരാവുകയും ചെയ്തു. 8.30 ഓടെ നാലുമൃതദേഹങ്ങളും പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും സെക്യൂരിറ്റി ജീവനക്കാരും വാളിണ്ടിയർമാരും ഏറെ പാടുപെട്ടു. പള്ളിയുടെ മുന്നിൽ നിന്നും മല്ലശേരിമുക്കിനേക്കുള്ള റോഡിൽ കിലോമീറ്ററുകൾ നീണ്ടനിര രൂപപ്പെട്ടിരുന്നു. രാവിലെ പള്ളി ഓഡിറ്റോറിയത്തിൽ എത്തിയ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് മടങ്ങിയത്. മത - സാമൂഹ്യ - സാമുദായിക -രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഉച്ചയ്ക്ക് 12ന് ഓഡിറ്റോറിയത്തിൽ നിന്ന് ദേവാലയത്തിനുള്ളിലെത്തിച്ച് ശുശ്രൂഷകൾ പൂർത്തീകരിച്ചു. മലങ്കര കത്തോലിക്കാ സഭയിലെയും സഹോദരീ സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളിൽ കാർമികരായി. ഉച്ചയ്ക്ക് ഒരുമണിയോടെ രണ്ട് കല്ലറകളിൽ നാലുപേരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തു. മന്ത്രി വീണാ ജോർജ്ജ്, അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, മുൻ എം.എൽ.എമാരായ രാജുഏബ്രഹാം, ജോസഫ് എം. പുതുശേരി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് തുടങ്ങി മത സാമൂഹ്യ സാമുദായിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ഹൃദയം തകർന്ന് ആരോൺ
പ്രമാടം : അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയം തകർന്ന അനുവിന്റെ സഹോദരൻ ആരോൺ ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. അച്ഛനെയും സഹോദരിയെയും സഹോദരീ ഭർത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വാസിപ്പിക്കാനാകാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അനുവും നിഖിലും മലേഷ്യയിൽ നിന്നും മടങ്ങിയെത്തുമ്പോൾ സ്വീകരിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി വീട്ടിൽ കാത്തിരുന്ന ആരോണിനെ തേടി എത്തിയത് ദുരന്ത വാർത്തയായിരുന്നു. തിരുവനന്തപുരത്ത് നിന്നും എത്തേണ്ട സമയം കഴിഞ്ഞിട്ടും വൈകിയതിനെ തുടർന്ന് ആരോൺ അച്ഛനെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് വിളിച്ചപ്പോൾ പൊലീസുകാരാണ് അപകട വിവരം പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും നാലുപേരുടെയും ചേതനയറ്റ ശരീരമാണ് ആരോണിന് കാണാനായത്. ഇത് പറഞ്ഞ് പൊട്ടിക്കരഞ്ഞ ആരോൺ എല്ലാവരുടെയും കണ്ണ് നിറച്ചു.
തീരാ നോവായി അമ്മമാർ
പ്രമാടം : ജീവന്റെ പാതിയായ ഭർത്താക്കൻമാരുടെയും മക്കളുടെയും ചേതനയറ്റ ശരീരത്തിനരികെ തീരാനോവുമായി അലമുറയിട്ട് കരഞ്ഞ നിഖിലിന്റെ അമ്മ സാലിയും അനുവിന്റെ അമ്മ നിഷയും ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. മൃതദേഹങ്ങൾക്കരികെയിരുന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ഇവരുരെയും ശാന്തരാക്കാൻ ആർക്കും കഴിഞ്ഞില്ല. ഇവരുവരും ഇടയ്ക്ക് ബോധരഹിതരായി മയങ്ങി വീണു. എല്ലാം നഷ്ടപ്പെട്ട ഇവരുടെ നിലവിളി ഇവിടെ ഉണ്ടായിരുന്നവരെയും കണ്ണീരിലാഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |