പത്തനംതിട്ട : വെട്ടിപ്രത്തെ കണ്ടത്തിലെ മഴയിൽ കുതിർന്ന മൺപിച്ചിൽ കുത്തിത്തിരിഞ്ഞ ബോളിനെ ബൗണ്ടറി കടത്തിക്കൊണ്ട് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പറഞ്ഞു... "കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല".
2 കെ കിഡ്സിനെ കളിക്കളത്തിലിറക്കാൻ കളക്ടർ കണ്ടെത്തിയ കണ്ടം ക്രിക്കറ്റ് ക്ലിക്കായപ്പോൾ കുട്ടികൾക്കൊപ്പം കളിക്കാൻ എത്തിയതായിരുന്നു ജില്ലാ കളക്ടർ. ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 2.33ന് ആണ് കളക്ടറുടെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് കാണുന്നത്. മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം ആളുകൾ ലൈക്ക് ചെയ്തു. നൂറ്റമ്പതിൽപരം കുട്ടികളും മുതിർന്നവരും പോസ്റ്റിൽ ഫോട്ടോകൾ കമന്റായി പോസ്റ്റുചെയ്തപ്പോൾ കണ്ടം ക്രിക്കറ്റ് ക്ളിക്കായി. ഇരുന്നൂറോളം പേർ പോസ്റ്റ് ഷെയർ ചെയ്തു. ഫോണിൽ മെസേജുകളായും കോളുകളായും നിരവധി പേർ ബന്ധപ്പെടുന്നുമുണ്ട്. സംഭവം ജോറായതോടെ ചില കളിക്കളങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട് കളക്ടർ. ഔദ്യോഗിക തിരക്കുകൾ കഴിഞ്ഞ ശേഷം കളിക്കാനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കളക്ടറുടെ ക്രിക്കറ്റ് ഓർമകൾ
" സ്കൂൾ വിട്ടാൽ വീട്ടിലേക്കൊരു ഓട്ടമാണ്. കണ്ടത്തിൽ ചേട്ടൻമാർ ക്രിക്കറ്റ് കളി തുടങ്ങിയിട്ടുണ്ടാകും. കഴിയ്ക്കാൻ പോലും നിൽക്കാതെ കണ്ടത്തിലേക്ക് ഓടും. ചിലപ്പോൾ യൂണിഫോം പോലും മാറ്റില്ല. അതിന് വീട്ടിൽ നിന്ന് വഴക്കും അടിയുമെല്ലാം കിട്ടും. അന്നൊക്കെ കണ്ടത്തിൽ നിന്ന് കുട്ടികളെ കയറ്റാനായിരുന്നു ബുദ്ധിമുട്ട്. ഇന്ന് അത് മാറി. എല്ലാവരും ഫോണും ലാപ്ടോപ്പുമായാണ് സൗഹൃദം. അന്ന് ഓടിയും വീണും എഴുന്നേറ്രുമൊക്കെ വലിയൊരു സൗഹൃദ കടലുണ്ടായിരുന്നു. ഇപ്പോഴും എൺപത്, തൊണ്ണൂറ് കാലഘട്ടത്തിലെ കുട്ടികൾക്ക് ഇതൊക്കെ മനോഹരമായ ഓർമകളാണ്. കായികതാരങ്ങൾ മാത്രം കളിക്കുന്ന കായിക ഇനമായാണ് ഇന്ന് പലരും ക്രിക്കറ്റും മറ്റ് കളികളെയുമെല്ലാം കാണുന്നത്. കണ്ടത്തിലും പറമ്പിലുമെല്ലാം കളിച്ച് വളർന്ന ഒരു തലമുറ ഇവിടുണ്ടായിരുന്നു. അതിലേക്ക് കുട്ടികളെ എത്തിക്കുക എന്നതാണ് ഇങ്ങനെയൊരു ക്യാമ്പയിന്റെ ലക്ഷ്യം.
2011ൽ ഇന്ത്യ ലോകകപ്പ് നേടിയത് എപ്രിൽ 2ന് ആണ്.
അതേ ദിവസംതന്നെ ഫേസ് ബുക്കിൽ കണ്ടം ക്രിക്കറ്റിന്റെ പ്രെമോഷനായി
ജില്ലാ കളക്ടർ തിരഞ്ഞെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |