പത്തനംതിട്ട: കനത്ത വേനൽമഴയിൽപത്തനംതിട്ട നഗരത്തിലെ ബാങ്കിലും എ.ടി.എമ്മിലും വെള്ളംകയറി. അബാൻ ജംഗ്ഷന് സമീപത്തെ കനറാ ബാങ്കിലാണ് വെള്ളം കയറിയത്. ഇന്നലെ വൈകിട്ട് കനത്തമഴയായിരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുള്ള ബാങ്കിലേക്ക് നാലിനാണ് വെള്ളം ഇരച്ചുകയറിയത്. ബാങ്കിനു മുന്നിലെ റോഡിൽ വലിയ വെള്ളക്കെട്ടുണ്ടായി. മഴ ശക്തമായതോടെ വെള്ളം ബാങ്കിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതുകണ്ട് ജീവനക്കാർ സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ജനറേറ്റർ റൂമിലും വെള്ളം കയറി. ബാങ്കിനുള്ളിൽ രണ്ടടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. പത്തനംതിട്ട ഫയർഫോഴ്സെത്തി ഫ്‌ളോട്ട് പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകളഞ്ഞു. വെള്ളം പൂർണമായും പമ്പ് ചെയ്തുകളയാൻ രണ്ടു മണിക്കൂറെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് ടൗൺശാഖ പ്രവർത്തിക്കുന്നത്. തൊട്ടടുത്ത എ.ടി.എമ്മിലും വെള്ളം കയറി. കനത്തമഴയിൽ മുമ്പ് പലതവണ ബാങ്കിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഓടയുടെ മുകളിൽ ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുമുകളിൽ മാലിന്യം വന്നടിഞ്ഞതാണ് വെള്ളമൊഴുകാൻ തടസമായത്. രേഖകൾക്കും മറ്റും നാശമുണ്ടായിട്ടില്ലെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |