കോന്നി : കോന്നി മെഡിക്കൽ കോളേജിൽ 14 കോടി രൂപ ചെലവിലുള്ള റോഡ് നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ .എ യും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും കഴിഞ്ഞ ദിവസം പണികൾ വിലയിരുത്തി. വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെ 12 മീറ്റർ വീതിയിൽ ഇരുവശത്തും സംരക്ഷണഭിത്തികൾ നിർമ്മിച്ച് മണ്ണിട്ടുയർത്തി റോഡ് രൂപപ്പെടുത്തി. പ്രധാനപ്പെട്ട രണ്ടു വലിയ കലുങ്കുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. രണ്ടു പൈപ്പ് കൽവർട്ടുകളുടെ നിർമ്മാണം പൂർത്തികരിച്ചിട്ടുണ്ട്.
നാല് മീറ്റർ വീതിയുണ്ടായിരുന്ന വട്ടമൺ -കുപ്പക്കര റോഡ് 12 മീറ്റർ വീതിയിൽ പൂർത്തികരിച്ചു. ഇവിടെ 5.5 മീറ്റർ വീതിയിലാണ് ടാറിംഗ്. റോഡിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റിയിടുന്നതിന് കെ.എസ്.ഇ.ബിക്ക് 35 ലക്ഷം രൂപയും പൈപ്പ് ലൈനുകൾ മാറ്റുന്നതിന് വാട്ടർ അതോറിറ്റിക്ക് 95 ലക്ഷം രൂപയും അടച്ചിട്ടുണ്ട്. വട്ടമൺ മുതൽ മുരിങ്ങമംഗലം വരെയുള്ള പ്രധാന റോഡിന്റെ 12 മീറ്റർ വീതിയിലുള്ള ഭൂമി ഏറ്റെടുപ്പ് പൂർത്തീകരിച്ചു. ഇവിടെ റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്നു.ഇവിടെ 9.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡ് ടാർ ചെയ്യും.. റോഡിന്റെ ഒരുവശത്ത് പൂർണമായും ഓടയും ആവശ്യമുള്ള ഭാഗങ്ങളിൽ ഐറിഷ് ഓടയും ക്രമീകരിക്കും..
നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ എം.എൽ.എയ്ക്കും കളക്ടർക്കുമൊപ്പം പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ വിമല, പൊതുമരാമത്ത് പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ്, സ്പെഷ്യൽ തഹസിൽദാർ വിജു കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ജിഷ ജയകുമാർ, പൊതുമരാമത്ത് അസി.എൻജിനീയർ രൂപക്ക് ജോൺ,കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും ഉണ്ടായിരുന്നു.
മുരിങ്ങമംഗലം ജംഗ്ഷൻ വികസിപ്പിക്കും
@ മുരിങ്ങമംഗലം ജംഗ്ഷനിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. ഇപ്പോൾ നടക്കുന്ന പണികൾക്കൊപ്പം ഇൗ ജംഗ്ഷൻ വികസിപ്പിക്കും. റോഡ് നിർമ്മാണത്തിന് 14 കോടിയും ഭൂമി ഏറ്റെടുക്കാൻ 8 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
@ 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബി.എം ആൻഡ് ബി .സി സാങ്കേതികവിദ്യയിലും നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലുമാണ് ടാർ ചെയ്യുക.
@ കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും 10 പൈപ്പ് കൽവർട്ടുകളും 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകളും നിർമ്മിക്കും.
----------------------------------
മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ അനുദിനം വർദ്ധിക്കുന്നതിനാൽ റോഡുകളുടെ നിർമ്മാണവും വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |