പത്തനംതിട്ട : മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വീണാ ജോർജ്. മാലിന്യ സംസ്‌കരണത്തിൽ മികവാർന്ന പ്രവർത്തനമാണ് ജില്ലയിലേത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി മന്ത്രി പ്രഖ്യാപിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഡോർ ടു ഡോർ മാലിന്യ സംസ്‌കരണ അവയർനെസ് കാമ്പയിൻ വിജയകരമാണ്. കുന്നന്താനം കിൻഫ്രാ പാർക്കിലെ അജൈവ സംസ്‌കരണ ഫാക്ടറി ജില്ലയ്ക്ക് അഭിമാനം പകരുന്നുവെന്നും അവർ പറഞ്ഞു.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകൾ, നാല് മുൻസിപ്പാലിറ്റി എന്നിവ 100 ശതമാനം മാലിന്യമുക്തമായി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും പരിശ്രമത്തോടെ വാതിൽപ്പടി ശേഖരണം പൂർണ ലക്ഷ്യത്തിലെത്തി. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇലന്തൂർ (ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് ) പത്തനംതിട്ട (നഗരസഭ), റാന്നി (ഗ്രാമപഞ്ചായത്ത്)
എന്നിവയ്ക്കുളള പുരസ്‌കാരം വിതരണം ചെയ്തു. ക്ലീൻ കേരളയുടെ അജൈവ മാലിന്യം ശേഖരിക്കുന്ന വാഹനയാത്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എ.എസ്.നൈസാം പഠന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ജെ.ഇന്ദിരാദേവി, എം.പി.മണിയമ്മ, ബി.എസ്.അനീഷ് മോൻ, ജെസി സൂസൻ, അടൂർ നഗരസഭാ ചെയർപേഴ്‌സൺ ദിവ്യാ റെജി മുഹമ്മദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി, മാലിന്യമുക്ത നവകേരളം, ഹരിത കേരള മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർമാരായ ആർ.അജിത് കുമാർ, ജി.അനിൽ കുമാർ, എസ്.ആദില എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |